ഹോട്ടല്‍ ഭക്ഷണത്തില്‍ വിഷബാധ ഒന്‍പത് വയസുകാരന് ഗുരുതര നിലയില്‍
കോട്ടയം: ഹോട്ടലില്‍ നിന്നു കഴിച്ച ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ ഒന്‍പതു വയസുകാരന് ഗുരുതരാവസ്ഥയില്‍. ഏറ്റുമാനൂര്‍-പേരൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സല്‍ക്കാര എന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ഏറ്റുമാനൂര്‍ പുന്നത്തറ സൗഭാഗ്യയില്‍ ഇ.ആര് റെജിയുടെയും പി.കെ ബീനയുടെയും മകന് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ വിദ്യാര്‍ഥി അഭിനവ് റെജിയാണ് ഗുരുതരാവസ്ഥയില്‍ നാലു ദിവസത്തോളമായി കാരിത്താസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയത്.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഒന്‍പതാം ഉത്സവ ദിനമായ മാര്‍ച്ച് ആറ് തിങ്കളാഴ്ച വൈകിട്ടാണ് ക്ഷേത്ര ദര്‍ശനത്തിനു ശേഷം മടങ്ങിയെത്തിയ റെജിയും ഭാര്യയും മകനും സല്‍ക്കാര ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചത്. റെജിയും ഭാര്യയും മസാല ദോശ കഴിച്ചപ്പോള്‍ മകന് ഉഴുന്നുവട മാത്രമാണ് കഴിച്ചിരുന്നത്.
രാത്രി വീട്ടിലെത്തിയതോടെ മൂവര്‍ക്കും വയറിനു അസ്വസ്ഥ അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായതോടെ റെജിയ്ക്കും ഭാര്യയ്ക്കും വയറിളക്കം പിടിപെട്ടു. മകന് അഭിനവിനു വയറുവേദനയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു.
തുടര്‍ന്ന് ഇവര്‍ സമീപത്തെ ഡോക്ടറെ കണ്ടു മരുന്നുവാങ്ങി. എന്നാല്‍, വൈകുന്നേരത്തോടെ അഭിനവ് ഛര്‍ദിയും വയറിളക്കവും തലകറക്കവും വന്നു വീടിനുള്ളില്‍ കുഴഞ്ഞു വീണു. തുടര്‍ന്നു കുട്ടിയെ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ബുധനാഴ്ച ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. അഞ്ചു ദിവസമായി കുട്ടിയ്ക്കു ഗ്ലൂക്കോസ് ട്രിപ്പായി നല്‍കുന്നുണ്ട്. മറ്റെന്തു ഭക്ഷണം നല്കിയാലും കുട്ടി ഉടന്‍ തന്നെ ഛര്‍ദിക്കുന്നു. ഇന്നലെ മാത്രമാണ് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു പുറത്തിറക്കിയത്. എന്നിട്ടും ഗ്ലൂക്കോസ് ഡ്രിപ്പ് നല്കുന്നതു നിര്‍ത്തിയിട്ടില്ല.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ പിറ്റേന്നു തന്നെ പിതാവ് റെജി നഗരസഭ അധികൃതര്‍ക്കും, ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ഹോട്ടലിനെതിരേ പരാതി നല്‍കിയെങ്കിലും ഹോട്ടലില്‍ പരിശോധന നടത്താനോ നടപടിയെടുക്കാനോ അധികൃതര്‍ തയാറായില്ലെന്ന് പരാതിയുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിനോടു ചേര്‍ന്നിരിക്കുന്ന ഈ ഹോട്ടലില്‍ ഉത്സവസമയത്തു വിവിധ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ച മുപ്പതിലേറെപ്പേര്‍ക്കു ഭക്ഷ്യ വിഷബാധ ഏറ്റതായി പരാതിയുണ്ടായിരുന്നു. എന്നാല്‍, സീസണ് അവസാനിക്കും വരെ നഗരസഭയ്ക്കു നോക്കിയിരിക്കേണ്ടി വന്നു പരിശോധന നടത്താന്‍. ഈ സാഹചര്യത്തില്‍ ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്തു നടപടിയെടുക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."