മാഹിയിലെ കൊലപാതകങ്ങള്‍: അന്വേഷണം ഊര്‍ജിതമാക്കി
തലശ്ശേരി/മാഹി: മാഹിയിലുണ്ടായ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ നഗരസഭാംഗവുമായ കണ്ണിപ്പൊയില്‍ ബാബു (48), ആര്‍.എസ്.എസ് പ്രവര്‍ത്തകനും ഓട്ടോഡ്രൈവറുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ ഷമേജ് (36) എന്നിവരാണു കൊല്ലപ്പെട്ടത്.
ഇവരുടെ കൊലപാതകങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലിസ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇരുപാര്‍ട്ടികളിലെയും ക്രിമിനല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് പള്ളൂര്‍ കോയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനു സമീപത്തുവച്ച് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് സംഭവം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പത്തംഗ സംഘമാണു കൊല നടത്തിയതെന്നും ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പള്ളൂര്‍ എസ്.ഐ ബി. വിപിന്‍ കുമാര്‍ പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. മേഖലയിലുള്ളവര്‍ക്കുപുറമെ മറ്റു ജില്ലകളില്‍ നിന്നുള്ളവരും അക്രമിസംഘത്തിലുണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. ബാബുവിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകരായ ഒ.പി രജീഷ്, മസ്താന്‍ രാജേഷ്, മഗ്നീഷ്, കാരിക്കുന്നുമ്മല്‍ സുനി എന്നിവര്‍ക്കെതിരേ സി.പി.എം പള്ളൂര്‍ പൊലിസില്‍ പരാതി നല്‍കി.
ഷമേജിന്റെ കൊലയാളികള്‍ ന്യൂമാഹി പ്രദേശവാസികള്‍ തന്നെയാണെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. എട്ടംഗ സംഘമാണു ഷമേജിന്റെ കൊലപാതകത്തിനുപിന്നിലെന്നാണു നിഗമനം. തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രനാണ് അന്വേഷണച്ചുമതല. ബാബുവിന്റെ കൊലപാതകത്തിനു തിരിച്ചടിയെന്നോണം അരമണിക്കൂറിനകം ഷമേജിനെ മാഹി കലാഗ്രാമത്തിനു സമീപം ഓട്ടോതടഞ്ഞ് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ പള്ളൂര്‍ പൊലിസ് സ്റ്റേഷനിലാണ് ബാബുവിന്റെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷമേജിന്റെ കൊല നടന്നത് കേരളത്തിലെ ന്യൂമാഹി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ്. അക്രമസാധ്യത കണക്കിലെടുത്ത് മാഹിയിലും സമീപപ്രദേശങ്ങളിലും കേരള, പുതുച്ചേരി പൊലിസ് സംഘം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ടു ബറ്റാലിയന്‍ കെ.എ.പി സംഘത്തെ ചെമ്പ്ര, പാറാല്‍, മാടപ്പീടിക, ചൊക്ലി എന്നിവിടങ്ങളില്‍ നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."