ഗവേഷക വിദ്യാര്‍ഥിനിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം
കോട്ടയം: എം.ജി യൂനിവേഴ്‌സിറ്റി മുന്‍ ഗവേഷക വിദ്യാര്‍ഥിനിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ വീഴ്ച്ച വരുത്തിയ പൊലിസ് ഉദ്യോഗസ്ഥനെ നീക്കം ചെയാതെ ജില്ലാ പൊലിസ് മേധാവി. അന്വേഷണത്തില്‍ ഗുരുതര വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥനെ മാറ്റാത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പരാതിക്കാരി ദീപ പി മോഹന്‍ രംഗത്തെത്തി. പരാതിയുമായി ജില്ലാ പൊലിസ് മേധാവി എന്‍. രാമചന്ദ്രനെ കാണാന്‍ എത്തിയെങ്കിലും ഇക്കാര്യത്തില്‍ പൊലിസ് ഉദ്യോഗസ്ഥനെ ന്യായീകരിക്കുന്ന നടപടിയാണ് എസ്.പിയുടെ ഭാഗത്തു നിന്നുണ്ടായത്.
നിലവില്‍ കേസ് അനേഷിക്കുന്ന ഉദ്യോഗസ്ഥനെതിരേ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കോടതി നിര്‍ദേശിച്ചിട്ടും ഇയാളെ മാറ്റാന്‍ കോട്ടയം ജില്ലാ പൊലിസ് മേധാവി എന്‍. രാമചന്ദ്രന്‍ തയാറായിരുന്നില്ല. പ്രശ്‌നത്തില്‍ തനിക്ക് ഒന്നും പറയാനില്ലെന്ന നിലപാടിലായിരുന്നു എസ്.പി.
പരാതിക്കാരിയെ നേരില്‍ കണ്ട് സംസാരിക്കാനും പൊലിസ് മേധാവി തയാറായില്ല. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ദീപ എസ്.പി ഓഫിസിന് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തി.
എന്നാല്‍ പരാതിക്കാരിയെ ചര്‍ച്ചയ്ക്ക് പോലും ക്ഷണിക്കാതെ ഓഫിസിന് മുന്‍പില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഇവരെ ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വനിതാ പൊലിസ് ഉദ്യോഗസ്ഥയെ പരുക്കേല്‍പ്പിച്ചതിനും ജോലിക്ക് തടസം സൃഷ്ടിച്ചതിനുമെതിരെയാണ് കേസ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ എത്തിച്ച ദീപയ്ക്ക് പിന്നീട് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
യൂനിവേഴ്‌സിറ്റിയിലെ നാനോ ടെക്‌നോളജി വിഭാഗം ഗവേഷക വിദ്യാര്‍ഥിനിയായിരുന്നു ദീപ പി മോഹന്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും പട്ടികജാതി വിദ്യാര്‍ഥിയുമായ ദീപയെ ജോയിന്റ് ഡയറക്ടര്‍ പ്രൊ. നന്ദകുമാര്‍ കളരിക്കല്‍ പല തവണ ജാതിപ്പോര് വിളിച്ച് ആക്ഷേപിക്കുകയും, യൂനിവേഴ്‌സിറ്റി മുറിയില്‍ ഇട്ടു പൂട്ടുകയും ചെയ്തിരുന്നു. കൂടാതെ ഇവര്‍ക്ക് ഗവേഷണത്തിന് ലാബ് നിഷേധിക്കുകയും ചെയ്തിരുന്നു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. ഗാന്ധി നഗര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നീതി പൂര്‍വമല്ലെന്ന് കാണിച്ച് ദീപ എസ്.പിക്ക് പരാതി നല്‍കി. തുടര്‍ന്നായിരുന്നു അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് കൈമാറിയത്. എന്നാല്‍ കേസ് അന്വേഷണത്തില്‍ വീണ്ടും ഗുരുതര വീഴ്ച്ച വരുത്തി. ഇക്കാര്യം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ നാളിതുവരെ അന്വേഷണത്തില്‍ നിന്ന് ഇയാളെ മാറ്റാനോ മറ്റൊരാളെ നിയമിക്കാനൊ ജില്ലാ പൊലിസ് മേധാവി തയാറായില്ല. ചാര്‍ജ്ജ് എടുത്തതിന് ശേഷം സ്ത്രീ സുരക്ഷയ്ക്കായി വിവിധ പദ്ധതികള്‍ എസ്.പി മുന്‍കൈ എടുത്ത് നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് ഗവേഷക വിദ്യാര്‍ഥിനിക്ക് ജില്ലാ പൊലിസ് മേധാവിയില്‍ നിന്ന് ഇത്തരത്തില്‍ അവഗണന നേരിടേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."