പ്രതീക്ഷകളുടെ വഴി തുറന്ന് സുപ്രഭാതം മോട്ടിവേഷന്‍ ക്ലാസ്
തിരുവനന്തപുരം : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സാമൂഹിക സാഹചര്യം ഉയരങ്ങള്‍ കീഴടക്കുന്നതിന് അനുയോജ്യമാണെന്ന് പി.ആര്‍.ഡി ഡയരക്ടര്‍ ടി.വി സുഭാഷ്. സിവില്‍ സര്‍വിസ് ഉള്‍പ്പടെയുള്ള മേഖലകളിലേക്ക് ഏതു സാധാരണക്കാരനും കടന്നു ചെല്ലാന്‍ കഴിയും വിധം പ്രചോദനാത്മകമാണ് കേരളത്തിലെ സാഹചര്യം.
അതു പ്രയോജനപ്പെടുത്താന്‍ പുതിയതലമുറക്കാകണമെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സുപ്രഭാതം തിരുവനന്തപുരം യൂനിറ്റില്‍ സംഘടിപ്പിച്ച ഏകദിന മോട്ടിവേഷന്‍ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യര്‍ക്കും അവകാശങ്ങളുണ്ടെന്നും ഓരോ മനുഷ്യനും വ്യത്യസ്തനാണെന്നുമുള്ള തിരിച്ചറിവുണ്ടാകണം. സ്‌നേഹത്തെ പുന:സ്ഥാപിക്കണം.
സ്‌നേഹവും കരുതലും വളര്‍ത്തിയെടുക്കുക വഴി ദുശ്ശീലങ്ങളെ അകറ്റാനാകുമെന്നും വ്യക്തിപരമായ ആത്മപരിവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജിഹാദ് എന്നാല്‍ സ്വന്തത്തോടു തന്നെയുള്ള യുദ്ധമാണ്. എന്നാല്‍ അത് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട പദപ്രയോഗമായി മാറുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷനായി. ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് വിദ്യാര്‍ഥികള്‍ ആത്മവിശ്വാസമുള്ളവരാകണമെന്നും എന്നാല്‍ അത് അമിതമാകുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. മോട്ടിവേറ്റര്‍ വിഷ്ണു ലോനാ ജേക്കബും സൈക്കോളജിസ്റ്റ് ഡോ.ലിസി ഷാജഹാനും ക്ലാസുകള്‍ നയിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.
പരിപാടിയില്‍ ബ്യൂറോചീഫ് വി.അബ്ദുല്‍മജീദ് സ്വാഗതം പറഞ്ഞു. സബ്എഡിറ്റര്‍ ആദില്‍ ആറാട്ടുപുഴ വിഷയാവതരണം നടത്തി. മൈനോറിറ്റി കോച്ചിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ പ്രഫ.അബ്ദുല്‍ അയ്യൂബ് ആശംസയും ആലംകോട് ഹസന്‍ നന്ദിയും പറഞ്ഞു.
റെസിഡന്റ് മാനേജര്‍ അഡ്വ.എം. നൂഹ്, ന്യൂസ് എഡിറ്റര്‍ അന്‍സാര്‍ മുഹമ്മദ്, മാര്‍ക്കറ്റിങ് മാനേജര്‍ അജയകുമാര്‍, ഓഫിസ് അസിസ്റ്റന്റ് ബീന എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."