വിദ്യാര്‍ഥികളുടെ ജീവന് പണയംവച്ച് അധികൃതരുടെയും കരാറുകാരന്റെയും ഒത്തുകളി
കൊടുങ്ങല്ലൂര്‍: ശ്രീനാരയണപുരത്ത് സ്കൂള്‍ വിദ്യാര്‍ഥികളുടെ ജീവന് പണയംവച്ച് അധികൃതരുടെയും കരാറുകാരന്റെയും ഒത്തുകളി.
ശ്രീനാരയണപുരം പോഴങ്കാവില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനു കീഴില്‍ നടക്കുന്ന കുളത്തിന്റെ സംരക്ഷണഭിത്തി നിര്‍മാണം പാതിവഴിയില്‍ നിര്‍ത്താനുള്ള ശ്രമം നൂറുകണക്കിനു വിദ്യാര്‍ഥികളുടെ സുരക്ഷക്ക് ഭീക്ഷണിയായി മാറുകയാണ്. പൊഴങ്കാവ് സെന്റ് ജോര്‍ജ് മിക്സഡ് എല്‍.പി സ്കൂളിനോടു ചേര്‍ന്നുള്ള കുളത്തിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തില്‍ അധികൃതരും കരാറുകാരനും അലംഭാവം കാണിക്കുന്നുവെന്നാണ് ആരോപണം.
കുളത്തിന്റെ സംരക്ഷണഭിത്തി നിര്‍മാണം പകുതിപൂര്ത്തിയാകുമ്പോഴും സ്കൂളിനോടു ചേര്‍ന്നുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. സംരക്ഷണഭിത്തി നിര്‍മാണത്തിന്റെ ഭാഗമായി നേരത്തെ സ്കൂളിനും കുളത്തിനുമിടയിണ്ടായിരുന്ന മതില് കരാറുകാരന് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. ഇതോടെ കുട്ടികള്‍ക്കു മുന്നില്‍ കുളം അപകടഭീക്ഷണിയായി മാറുകയും ചെയ്തു.
400ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കാതെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കരാറുകാരനും അധികൃതരും ശ്രമിക്കുകയാണന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കരാറുകാരനു പാര്‍ട്ട്ബില്‍ നല്കുന്നതിനുവേണ്ടി അളവെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടയുകയുണ്ടായി.
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാകാതെ സംരക്ഷണഭിത്തി നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പൂവ്വത്തുംകടവ് സര്‍വിസ് ബാങ്ക് പ്രസിഡന്റ് ടി.കെ രമേഷ് ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."