അത്ഭുതമൊളിപ്പിച്ച് സെനഗല്‍ വീണ്ടുമെത്തുന്നു...
ഓര്‍മയില്ലേ സെനഗലിനെ. 2002ലെ ലോകകപ്പില്‍, ലോക ചാംപ്യന്‍മാരുടെ പെരുമയുമായി എത്തിയ കരുത്തരായ ഫ്രാന്‍സിനെ ആദ്യ പോരാട്ടത്തില്‍ തന്നെ അട്ടിമറിച്ച് ലോകത്തെ അമ്പരപ്പിച്ച അതേ സെനഗല്‍. പിന്നീട് ക്വാര്‍ട്ടര്‍ വരെയെത്തി പൊരുതി മടങ്ങിയ ആ ടീം പിന്നീട് ആരും കേള്‍ക്കാത്തവരായി വിസ്മൃതിയിലേക്ക് മറഞ്ഞു. പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ വീണ്ടും എത്തുകയാണ് റഷ്യയില്‍.
വന്യമായ മുന്നേറ്റങ്ങളുമായി മൈതാനം നിറയുന്ന ആഫ്രിക്കന്‍ കാല്‍പന്ത് ശൈലി ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. ആ മാറ്റത്തിന്റെ പ്രയോക്താക്കളില്‍ മുന്നില്‍ നില്‍ക്കുന്നത് സെനഗലാണ്. ലിവര്‍പൂളിന്റെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശത്തിന് ചുക്കാന്‍ പിടിച്ച സാദിയോ മാനെയെന്ന കരുത്തുറ്റ താരത്തിന്റെ ചിറകിലേറിയാണ് സെനഗലിന്റെ വരവ്. ഗോളടിക്കാനും ഗോളടിപ്പിക്കാനും അസാമാന്യ മികവ് കാണിക്കുന്ന മാനെയെ ചുറ്റിപ്പറ്റിയാണ് സെനഗലിന്റെ പ്രതീക്ഷകള്‍ മുഴുവന്‍.
വര്‍ത്തമാന ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ താരങ്ങളിലൊരാളാണ് മാനെ. അസാമാന്യ പ്രതിഭാ വിലാസം മൈതാനത്ത് പ്രകടിപ്പിക്കുന്ന മാനെ എതിര്‍ ടീമില്‍ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. മാനെയ്‌ക്കൊപ്പം മുന്നേറ്റത്തില്‍ ക്വയ്റ്റ ബാല്‍ഡെയുമുണ്ട്. മൊണാക്കോ താരമായ ബാല്‍ഡെയും മികച്ച സ്‌ട്രൈക്കറാണ്. മധ്യനിരയില്‍ വെസ്റ്റ് ഹാം യുനൈറ്റഡ് താരം ചെയ്ക്കു ക്വെയ്റ്റയാണ് സെനഗലിന്റെ കളി നിയന്ത്രിക്കുന്ന അച്ചുതണ്ട്. ടീമിന്റെ നായകന്‍ കൂടിയാണ് താരം.
എവര്‍ട്ടന്‍ മധ്യനിര താരം ഇഡ്രിസ്സ ഗ്വയയും മികച്ച മിഡ്ഫീല്‍ഡറാണ്. പ്രതിരോധത്തില്‍ നാപോളിയുടെ വിശ്വസ്തന്‍ കലിഡോവു കൗലിബലി കളിക്കുന്നു. താരത്തെ മറികടന്ന് പന്ത് വലയിലാക്കാന്‍ എതിര്‍ ടീം നന്നെ വിയര്‍ക്കും. ഹന്നോവര്‍ താരം സലിഫ് സനെയും പ്രതിരോധത്തിലെ ശക്തിയാണ്.
മുന്‍ താരവും 2002ലെ ലോകകപ്പ് കളിച്ച ടീമംഗം കൂടിയായ അലിയു സിസ്സെയാണ് നിലവിലെ ടീമിന്റെ പരിശീലകന്‍. ഫുട്‌ബോള്‍ ആനന്ദിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിക്കുന്ന സിസ്സെ ടീമംഗങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദേശവും മറ്റൊന്നല്ല. വിജയവും തോല്‍വിയും ചിന്തിക്കാതെ കളിക്കുക. പരമാവധി ആസ്വദിച്ച് എതിര്‍ ടീമിനെ കുറിച്ച് വേവലാതികളില്ലാതെ പോരാടുക. ടീമിന് മനോഹരമായ ഫുട്‌ബോള്‍ പരിചയപ്പെടുത്തുന്നതില്‍ കോച്ച് പരമാവധി വിജയം കണ്ടിട്ടുണ്ട്. 2002ലെ മികച്ച പ്രകടനത്തിന് ശേഷം പിന്നീട് നടന്ന മൂന്ന് ലോകകപ്പുകളിലും യോഗ്യത നേടാന്‍ സാധിക്കാതെ പോയ സെനഗലിന് ഇത്തവണ അതിന് പ്രാപ്തരാക്കിയത് സിസ്സെയുടെ മികവാണെന്ന് ഉറപ്പിച്ച് പറയാം.
ഇത്തവണ പോളണ്ട്, കൊളംബിയ, ജപ്പാന്‍ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എച്ചിലാണ് സെനഗല്‍ കളിക്കുന്നത്. എതിരാളികളായി നില്‍ക്കുന്നത് മൂന്ന് കരുത്തന്‍മാരാണ്. മൂവരേയും മറികടന്ന് സെനഗലിന് എത്രത്തോളം മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് കണ്ടറിയാം. ഫുട്‌ബോളിന്റെ സൗന്ദര്യം അപ്രവചനീയതയാണ് എന്നതിനാല്‍ ഈ മൂന്ന് ടീമുകളില്‍ ഒരാളുടെയെങ്കിലും വഴി മുടക്കാന്‍ സെനഗല്‍ വിചാരിച്ചാല്‍ സാധിക്കുമെന്നും ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."