റിമാന്‍ഡ് പ്രതിയുടെ മരണം; റോഡ് ഉപരോധിച്ചു
മണ്ണാര്‍ക്കാട്: തെങ്കര മേലെ ആനമൂളിയിലെ ടിജോ മോന്‍ (39) പാലക്കാട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരണപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടും, സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും മണ്ണാര്‍ക്കാട് - അട്ടപ്പാടി റോഡ് ഉപരോധിച്ചു. വൈകിട്ട് നാലുമണിയോടെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് നാട്ടുകാരും കുടുംബാംഗങ്ങളും തടഞ്ഞിട്ടു.
പൊലിസിന്റെയും ജയില്‍ അധികൃതരുടെയും മര്‍ദനവും അനാസ്ഥയുമാണ് മരണകാരണമെന്നാരോപിച്ചാണ് ആംബുലന്‍സ് തടഞ്ഞിട്ടത്. തുടര്‍ന്ന് ആറുമണിവരെ അട്ടപ്പാടി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
അനധികൃതമായി വിദേശമദ്യം കൈവശം വെച്ചതിന് അഗളി പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത് പാലക്കാട് സബ് ജയിലില്‍ കഴിയുകയായിരുന്ന ടിജോമോന്‍ തിങ്കളാഴ്ചയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, പിന്നീട് ഞായറാഴ്ച വിദഗ്ധ ചികിത്സക്ക് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിക്കുകയും ചെയ്‌തെങ്കിലും തിങ്കളാഴ്ച മരണപ്പെട്ടു. തലയിലെ അമിതരക്തസ്രാവമാണ് മരണകാരണമെന്നാണ് പറയപ്പെടുന്നത്.
ശനിയാഴ്ച തന്നെ ടിജോയെ വിദഗ്ധ ചികിത്സക്കായി നിര്‍ദേശിച്ചെങ്കിലും തിരിച്ച് ജയിലിലെത്തിച്ച് ഞായറാഴ്ചയാണ് ബസില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ ടിജോ തളര്‍ന്ന് വീണതായും പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി മുരളീധരന്‍, മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് എത്തിയെങ്കിലും പ്രതിഷേധമടങ്ങിയില്ല. കലക്ടര്‍ സ്ഥലത്ത് എത്തണമെന്നും, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ കൃഷ്ണകുമാര്‍ സ്ഥലത്തെത്തി സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കാമെന്നും കുടുംബാംഗങ്ങളുടെ ആവശ്യം ശ്രദ്ധയില്‍പ്പെടത്താമെന്നുമുളള ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ആറുമണിയോടെ അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."