ഇനിയും മാറാന്‍ സമയമായില്ലേ?
കാലം സാക്ഷി, വീണ്ടും ഒരു വനിതാദിനം കടന്നുപോയിരിക്കുന്നു. സെമിനാറുകളും ചര്‍ച്ചകളും ശാക്തീരണപ്രഖ്യാപനങ്ങളും ആഘോഷങ്ങളുടെ പേമാരിയുമായിട്ടാണ് ഇത്തവണയും ആ ദിനം അവസാനിച്ചത്. മുറതെറ്റാതെ ദിനാചരണം കൊണ്ടാടിയിട്ടും സ്ത്രീസമൂഹം അഗാധഗര്‍ത്തത്തിലേക്ക് ആണ്ടുപോയിരിക്കുന്നു.
മതങ്ങളും ഇസങ്ങളും സ്ത്രീയുടെ പദവിയെ ഉന്നതിയുടെ ഉച്ചിയിലെത്തിച്ചിട്ടുണ്ട്. അതു തിരിച്ചറിയാതെപോയതിന്റെ പരിണിതഫലമാണു നാം ഇന്ന് അനുഭവിക്കുന്നത്. പാരമ്പര്യത്തെയും ആദര്‍ശമൂല്യങ്ങളെയും കൈവിടുകയും പ്രാഥമികവിദ്യാകേന്ദ്രമായ കുടുംബത്തില്‍നിന്ന് അശ്രദ്ധയുടെ കണികകള്‍ പുറപ്പെടുകയും ചെയ്തതിന്റെ ബാക്കിപത്രമാണു നാം ഇന്നു കാണുന്നത്. കുറ്റകൃത്യങ്ങള്‍ ദിവസേന കൂടിവരുന്നു. പൊക്കിള്‍ക്കൊടി ബന്ധംപോലും കണ്ണിയറ്റ നിലയില്‍ മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ വഷളായിരിക്കുന്നു.
ഇനിയും നമുക്കു മാറാന്‍ സമയമായില്ലേ. സാംസ്‌കാരിക,കലാ,സാഹിത്യങ്ങളില്‍ സ്ത്രീയുടെ ഇടപെടല്‍ വലുതാണെങ്കിലും സ്വത്വബോധം നിലനിര്‍ത്താനുള്ള പാഠ്യപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. വരുംതലമുറയില്‍ സ്ത്രീസുരക്ഷിതയാവണമെങ്കില്‍ നിതാന്തജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ചെയ്യേണ്ടതു ചെയ്യാനും ചെയ്യാന്‍പാടില്ലാത്തതു ചെയ്യാതിരിക്കാനുമുള്ള ,ചെയ്ത തെറ്റു തിരുത്താനും തിരുത്തിക്കാനുമുള്ള ആര്‍ജവവും ഇടപെടലുമാണ് ഉണ്ടാവേണ്ടത്.
ആരോഗ്യപരമായ ചര്‍ച്ചകള്‍ വീട്ടില്‍നിന്നുതന്നെ ആരംഭിക്കേണ്ടതുണ്ട്. ഇവിടെ റോള്‍ മോഡലാവേണ്ടത് മാതാപിതാക്കളാണ്. പ്രശ്‌നങ്ങളും പരിവട്ടങ്ങളും പറയുന്നതിനുപകരം ഉള്ള അവസരം വിനിയോഗിച്ചു സ്വയം മാറാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇതിലൂടെ കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും മാറ്റിയെടുക്കാം. മാതാപിതാക്കള്‍ തന്നെ ഓരോ നിര്‍ണായകഘട്ടത്തിലും നേര്‍ദിശ കാണിക്കുകയും ക്രിയാത്മകമായി ഇടപെടുകയും ചെയ്താല്‍ നിഷേധാത്മകചിന്തയെ മറികടക്കാനും അശുഭ വിശ്വാസത്തെ തുരത്താനും കഴിയും.
ജാബിര്‍ എന്‍.എം,
ചെറുവല്ലൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."