വേനല്‍ ചൂടിലും പച്ചപ്പിന്റെ വിരുന്നൊരുക്കി ഷാര്‍ജ അല്‍ നൂര്‍ ദ്വീപ്
അബൂദബി: മരുഭൂമിയിലെ ചൂടിലും പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ മനോഹര കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍ നൂര്‍ ദ്വീപ്.
പച്ച പുതച്ചു നില്‍ക്കുന്ന വലിയ മരങ്ങളും കാടിന്റെ തണുപ്പ് പകരുന്ന തടിയില്‍ തീര്‍ത്ത നടവഴികളുമെല്ലാമുള്ള ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടെ കൂടൊരുക്കിയ പക്ഷികളാണ്. ദേശാടന കിളികളുടെ ഇഷ്ടമേഖലയായ ഖാലിദ് ലഗൂണിലെ ഈ ദ്വീപ്, യു.എ.ഇ യിലെ തന്നെ അപൂര്‍വയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ്.
വേനല്‍ ചൂടില്‍ തണല്‍ തേടിയെത്തുന്ന സഞ്ചാരികള്‍ക്കായി പക്ഷി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. നേരത്തെ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ നിന്ന് തിരഞ്ഞെടുത്ത 33 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
യു.എ.ഇയിലെ പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളിലൊന്നായ അല്‍ നൂര്‍ ദ്വീപിലാണ് രാജ്യത്തെ പക്ഷി വൈവിധ്യത്തിന്റ 10 ശതമാനവുമുള്ളത്. പ്രകൃതിയുടെ തനിമയും ജൈവ വൈവിധ്യവും സംരക്ഷിക്കുകയാണ് അല്‍ നൂര്‍ ദ്വീപിന്റെ ലക്ഷ്യം.
ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് പാര്‍ക്കിനും അല്‍ മുന്‍തസ ഉദ്യാനത്തിനും ഇടയിലുള്ള ഈ ദ്വീപ്, 'ശലഭ ദ്വീപ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."