മലമ്പനി; അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി
തൃശൂര്‍: മലമ്പനിയുടെ വകഭേദമായ പ്ലാസ്‌മോഡിയം ഫാല്‍ഡിപ്പാരം ജില്ലയില്‍ ഏറിവരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഏഴു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇക്കുറി 14 ആയി. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 42 മലമ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. ഇതില്‍ 23 പേരും ഇതരസംസ്ഥാന തൊഴിലാളികളാണ്.
മലമ്പനി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ആരോഗ്യവകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. തികച്ചും സൗജന്യ ചികിത്സയാണ് മലമ്പനിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്നത്. ഇതിനായി പ്രത്യേക ചികിത്സാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ഐ.സി.എസ്.പിയിലോ അതത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ നിര്‍ബന്ധമായും അറിയിക്കണം. ചികിത്സ പകുതിയില്‍ നിര്‍ത്തുന്ന രീതി ഇതരസംസ്ഥാന തൊഴിലാളികളില്‍ വ്യാപകമായി കണ്ടുവരുന്നതിനാല്‍ അവരുടെ താല്‍പ്പര്യമെടുത്ത് ചികിത്സ തുടരാനുള്ള സംവിധാനം നിര്‍ബന്ധമായും നടപ്പാക്കണം. ഓവര്‍ഹെഡ് ടാങ്കുകള്‍, വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുകു നശീകരണം ഫലപ്രദമായി നടപ്പാക്കണം.
പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ്‌മോഡിയം ഫാല്‍ഡിപ്പാരം, പ്ലാസ്‌മോഡിയം ഓവെല്‍, പ്ലാസ്‌മോഡിയം മലേറിയ എന്നിവങ്ങനെ നാലു തരത്തിലാണ് മലമ്പനി പരത്തുന്ന രോഗാണുക്കള്‍ ഉള്ളത്. പുതുതായി കണ്ടെത്തിയ പ്ലാസ്‌മോഡിയ നോളിസിയും രോഗകാരിയാണ്.
അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. പുതിയതരം കൊതുകായ അനോഫിലിസ് സ്റ്റീഫന്‍സിയുടെ സാന്നിധ്യം ജില്ലയിലെ നിര്‍മാണ മേഖലയില്‍ വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രോഗപകര്‍ച്ചയ്ക്ക് ഇതു കാരണമാവുന്നതായാണ് കണക്കാക്കുന്നത്. 1965ല്‍ മലേറിയ കേരളത്തില്‍ നിര്‍മാര്‍ജനം ചെയ്തുവെങ്കിലും ഇതരസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്ക് രോഗാണുക്കളുടെ സാന്നിധ്യത്തിനു കാരണമാകുന്നുണ്ട്. നഗരവല്‍ക്കരണത്തിന്റെ തോത് ഏറിയത് രോഗപകര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്.
ഇടവിട്ട് വിറയലോടുകൂടിയ പനി, ക്ഷീണം, വിളര്‍ച്ച തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങള്‍ പിന്നീട് തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയയായും വൃക്കയെ ബാധിക്കുന്ന ബ്ലാക്ക് വാട്ടര്‍ ഫീവര്‍ ആയും മാറുകയാണ് പതിവ്. മലമ്പനിക്കെതിരേ ജാഗ്രത പുലര്‍ത്താനും രോഗം വന്നാല്‍ വേണ്ടവിധം ചികിത്സ തേടാനും പൊതുജനങ്ങള്‍ തയാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."