ഓട്ടോറിക്ഷയില്‍ അപ്രതീക്ഷിതമായി പണവും സ്വര്‍ണവും; കണ്ണ് മഞ്ഞളിക്കാതെ മണിയന്‍
ചെറുതുരുത്തി: പണവും സ്വര്‍ണവും വില പിടിപ്പുള്ള നിരവധി രേഖകളുമടങ്ങിയ വാനിറ്റി ബാഗ് അപ്രതീക്ഷിതമായി തന്റെ ഓട്ടോറിക്ഷയില്‍ നിന്ന് ലഭിച്ചപ്പോള്‍ ദേശമംഗലം സ്വദേശി പെരിങ്കുന്ന് കോളനിയില്‍ മണിയന്‍ (45)ആദ്യമൊന്ന് ഞെട്ടി.
ഇതെങ്ങനെ തന്റെ വാഹനത്തില്‍ എത്തിയെന്നറിയാതെ വല്ലാതെ കുഴങ്ങി. സ്വര്‍ണവും വില കൂടിയ വാച്ചുകളും പണവുമൊക്കെ കണ്ടപ്പോഴും നിര്‍ധന കുടുംബാംഗമായ മണിയന്റെ കണ്ണ് മഞ്ഞളിച്ചില്ല. ചെറുതുരുത്തി പൊലിസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. തലശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ മണിയന്‍ ഭാര്യയെ ഡോക്ടറെ കാണിക്കുന്നതിന് പട്ടാമ്പിയിലെ ആശുപത്രിയിലെത്തിയതാണ് ഓട്ടോ പാര്‍ക്കിങ് കേന്ദ്രത്തില്‍ വാഹനം നിര്‍ത്തിയിട്ട് ഡോക്ടറെ കാണാന്‍ പോവുകയും ചെയ്തു . ഇതിനിടയിലാണ് കൊപ്പം സ്വദേശി ചുണ്ടന്‍ പള്ളി ഞാലില്‍ മുസ്തഫ ഭാര്യയുമായി ആശുപത്രിയിലെത്തിയത്. ഓട്ടോറിക്ഷയില്‍ തന്നെയായിരുന്നു വരവ്. മണിയന്റെ ഓട്ടോറിക്ഷയുടെ തൊട്ട് സമീപമാണ് മുസ്തഫ എത്തിയ വാഹനവും നിര്‍ത്തിയിട്ടത് മുസ്തഫയുടെ ഭാര്യ തന്റെ കയ്യിലുണ്ടായിരുന്ന ബാഗ് വാഹനം മാറി മണിയന്റെ ഓട്ടോറിക്ഷയുടെ പുറകില്‍ വെക്കുകയായിരുന്നു. ഇതറിയാതെ മണിയന്‍ ദേശമംഗലത്തേയ്ക്ക് തിരിക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴാണ് ബാഗ് കാണുന്നത്. പൊലിസ് സ്റ്റേഷനില്‍ എല്‍പിച്ച ബാഗ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് മുസ്തഫയുടെ വിലാസം ലഭിച്ചത്. തുടര്‍ന്ന് ഇവരെ വിളിച്ച് വരുത്തുകയും മണിയന്റെ സാന്നിധ്യത്തില്‍ ബാഗ് കൈമാറുകയും ചെയ്തു. എ.എസ്.ഐ രാമചന്ദ്രന്‍ നേതൃത്വം നല്‍കി. മണിയനെ ഉദ്യോഗസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."