ഭരണസമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി
എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുന്ന മെറ്റീരിയല്‍ വര്‍ക്കുകള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയത്.
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. മറ്റ് പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുമ്പോള്‍ എരുമപ്പെട്ടി പഞ്ചായത്ത് സ്തംഭനാവസ്ഥയിലാണെന്നും പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമവും റോഡുകളുടെ ശോചനീയാവസ്ഥയും പരിഹരിക്കാന്‍ വേണ്ട നടപടികളൊന്നും ഭരണസമിതി ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഇറങ്ങിപ്പോക്കില്‍ പ്രതിപക്ഷാംഗങ്ങളായ റീനജോസ്, സി.വി.ബിനോജ,് സി.കെ.രാജന്‍, പ്രസീദ ശശിധരന്‍, റോസി പോള്‍, സുദിനി ദാസന്‍, രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ ഇറങ്ങിപ്പോക്ക് തികച്ചും അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ പറഞ്ഞു. പഞ്ചായത്തിലെ റോഡ്പണികള്‍ ടെണ്ടര്‍ ചെയ്ത് ഏറ്റെടുത്ത കരാറുകാര്‍ എഗ്രിമെന്റ് വെച്ചിട്ടുള്ളതും രണ്ട് റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതുമാണ്. നടപ്പുവര്‍ഷത്തെ പദ്ധതികളുടേയും തൊഴിലുറപ്പ് പദ്ധതികളുടേയും എഗ്രിമെന്റുകള്‍ ഒരേ കരാറുകാര്‍ തന്നെ ഏറ്റെടുത്തതുമൂലമാണ് പദ്ധതികള്‍ നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടതെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."