ചെങ്കല്‍ ഖനനവും മണ്ണെടുപ്പും വ്യാപകമാകുന്നു
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ എയ്യലക്കാട് തെക്കുമുറിയില്‍ ചെങ്കല്‍ ഖനനവും മണ്ണെടുപ്പും വ്യാപകമാകുന്നു. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലും തുടരുന്ന പ്രകൃതി ചൂഷണങ്ങള്‍ തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രകൃതി ചൂഷണങ്ങള്‍ നടക്കുന്നത് കടങ്ങോട് പഞ്ചായത്തിലാണ്. നാട് മുഴുവന്‍ കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴും മണ്ണെടുപ്പും കരിങ്കല്‍, ചെങ്കല്‍ ഖനനവും മെറ്റല്‍ ക്രഷറുകളിലെ ജലമൂറ്റലും ഇപ്പോഴും തുടരുകയാണ്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച എയ്യലക്കാട് തെക്കുമുറിയിലെ മുല്ലപ്പിള്ളിക്കുന്നില്‍ ആഴത്തിലുള്ള ചെങ്കല്‍ ഖനനം തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്.
റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതിയുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പരിസ്ഥിതി കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ചെങ്കല്‍ ഖനനത്തിന് എങ്ങിനെ പെര്‍മിറ്റ് ലഭിച്ചുവെന്നത് ചോദ്യ ചിഹ്നമാണ്. കടുത്ത ജലക്ഷാമമാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലും നിര്‍ബാധം തുടരുന്ന പ്രകൃതി നശീകരണവും ചൂഷണവും തടയാന്‍ അധികാരികള്‍ നടപടി സ്വീകരിക്കാത്തതും ഇതിനെതിരേ രാഷ്ട്രീയ പൊതു പ്രവര്‍ത്തര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതും ജനങ്ങളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."