തുടര്‍വിദ്യാഭ്യാസം വഴിമുട്ടിയ അന്യസംസ്ഥാന വിദ്യാര്‍ഥിയ്ക്ക് കൈത്താങ്ങായി ക്ലാസ് ടീച്ചര്‍
കോതമംഗലം: തുടര്‍വിദ്യാഭ്യാസം വഴിമുട്ടിയ അന്യസംസ്ഥാനക്കാരിയായ വിദ്യാര്‍ഥിയ്ക്ക് കൈത്താങ്ങായി ക്ലാസ് ടീച്ചര്‍. കോതമംഗലം മാര്‍ ബേസില്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയായ തഹജീബ സാജിദ് എന്ന കൊച്ചുമിടുക്കിയാണ് പഠനം മുന്നോട്ടു പോകാനാകാത്ത അവസ്ഥയില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ രക്ഷകയായി ക്ലാസ് ടീച്ചറായ രഞ്ജിനി സോണി എത്തിയത്. എസ്.എസ്.എല്‍.സിയ്ക്ക് ഒന്‍പത് വിഷയങ്ങള്‍ക്ക് എ പ്ലസ് കരസ്ഥമാക്കിയ തഹജീബയ്ക്ക് പ്ലസ് ടു പഠനത്തിനായുള്ള മുഴുവന്‍ ചിലവും വഹിക്കാമെന്നറിയിച്ച് ടീച്ചര്‍ വീട്ടിലെത്തുകയായിരുന്നു.
നെല്ലിക്കുഴിയിലെ ഒറ്റമുറി വാടക വീട്ടിലെ ഏഴംഗങ്ങള്‍ തിങ്ങിക്കഴിയുന്ന, തികച്ചും ദരിദ്ര കുടുംബ സാഹചര്യത്തില്‍ നിന്നുമാണ് മലയാളമടക്കം ഒന്‍പത് വിഷയങ്ങള്‍ക്ക് എ പ്ലസും ഒരു എയും ഈ ഹിന്ദിക്കാരി കുട്ടി വാരിക്കൂട്ടിയത്. തഹജീബയുടെ മാതാവിന് തയ്യല്‍ ജോലിയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രോഗിയായ പിതാവും വ്യദ്ധരായ മുത്തശ്ശനും മുത്തശ്ശിയും രണ്ട് ഇളയ സഹോദരങ്ങളുമടങ്ങുന്ന കുടുംബം ജീവിക്കുന്നത്.
ഉത്തര്‍ പ്രദേശില്‍ നിന്നും ഒന്‍പത് വര്‍ഷം മുമ്പാണ് ജോലി തേടി തഹജീബയുടെ മാതാപിതാക്കള്‍ കോതമംഗലത്തെത്തിയത്. പഠിച്ച് ലോകം അറിയുന്ന ഒരു സയന്റിസ്റ്റാവണമെന്നാണ് തഹജീബയുടെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."