ഹരിപ്പാട്: പള്ളിപ്പാട് ചിറമേല്‍ ആനന്ദന്റെയും സരസമ്മയുടേയും മകന്‍ അനീഷ് (30) ബഹറിനില്‍ നിന്ന് ജയില്‍ മോചിതനായി ഇന്നലെ പുലര്‍ച്ചെ 3.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
നാല് വര്‍ഷം മുന്‍പാണ് ജോലി തേടി ബഹറിനില്‍ എത്തിയത്. ഡ്രൈവറായി ജോലി നോക്കി വരവെ അനീഷ് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് ജയിലിലായത്.
അപകടമുണ്ടായപ്പോള്‍ സ്‌പോണ്‍സറും കൈയ്യൊഴിഞ്ഞു. 10 ലക്ഷം ഇന്ത്യന്‍ രൂപ മോചനദ്രവ്യം കെട്ടേണ്ടി വന്നു അനീഷിന്റെ മോചനത്തിന്.
അര്‍ധ പട്ടിണിക്കാരായ മാതാപിതാക്കളുള്‍പ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായ അനീഷ് ഡ്രൈവര്‍ വിസയിലായിരുന്നു ഗള്‍ഫിലെത്തിയത്.
അധികൃതര്‍ ആവശ്യപ്പെട്ട വന്‍ തുക പിഴയൊടുക്കാനില്ലാത്തതിനാല്‍ മൂന്നര വര്‍ഷമായി ജയില്‍വാസം അനുഭവിച്ചു വരികയായിരുന്നു.
വീട്ടുകാര്‍ പലവിധത്തിലും അന്വേഷിച്ചുവെങ്കിലും അനീഷിനെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ഒടുവിലാണ് ജയിലിലാണെന്നുള്ള വിവരം ലഭിച്ചത്.തുടര്‍ന്ന് മാതാവ് സരസമ്മ ഗ്രാമ പഞ്ചായത്തംഗവും പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ പീറ്റര്‍ തോമസിന്റെ സഹായത്തോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അടുത്തെത്തി സഹായമഭ്യര്‍ഥിച്ചു.തുടര്‍ന്ന് അദ്ദേഹം നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് അനീഷിന്റെ മോചനം സാധ്യമാക്കിയത്.
ബഹറിനിലെ പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികളുടേയും മലയാളി സമൂഹത്തിന്റെയും സഹായത്തോടെ പ്രവാസി വ്യവസായികളെ കാണുകയും മോചനതുക അവരില്‍ നിന്ന് സ്വരൂപിച്ച് കെട്ടവയ്ക്കുകയും ചെയ്ത് മോചനം സാധ്യമാക്കുകയാണുണ്ടായത്.
തിരുവനന്തപുരം വിമാനതാവളത്തിതിലെത്തിയ അനീഷിനെ പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണന്‍ , പീറ്റര്‍ തോമസ്, ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് ആറ് മണിയോടെ കന്റോണ്‍മെന്റ് ഹൗസിലെത്തി രമേശ് ചെന്നിത്തലയെ കണ്ട് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു.
അനീഷ് അനുഭവിച്ച ദുരനുഭവങ്ങള്‍ സശ്രദ്ധം കേട്ട അദ്ദേഹം അനീഷിനെ ആശ്വസിപ്പിച്ച് ധൈര്യം പകര്‍ന്ന് നാട്ടിലേക്ക് യാത്രയാക്കി.
തുടര്‍ന്ന് ഇന്നലെരാവിലെ 10 മണിയോടെ കുടുംബ വീട്ടിലെത്തിയ അനീഷിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര കുറുപ്പിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."