ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: പ്രചാരണ വാഹനത്തിന് അനുമതി വാങ്ങണം
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചരണത്തിന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വരണാധികാരിയില്‍ നിന്ന് അനുമതിപത്രം വാങ്ങിയിരിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ ടി.വി.അനുപമ അറിയിച്ചു.
വരണാധികാരിയുടെ അനുമതിപത്രം വാഹനത്തിന്റെ മേല്‍ പതിച്ചിരിക്കുകയും വേണം.
ഈ അനുമതി പത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും വാഹനത്തിന്റെ നമ്പറും ഉണ്ടായിരിക്കണം.
മുന്‍കാലങ്ങളില്‍ ഈ അനുമതിപത്രത്തിന്റെ ഫോട്ടോ കോപ്പികള്‍ എടുത്ത് വിവിധ വാഹനങ്ങളില്‍ ഉപയോഗിച്ചിരുന്ന പ്രവണതയ്ക്ക് തടയിടുന്നതിനായാണ് അസല്‍ അനുമതി പത്രം തന്നെ വാഹനങ്ങളില്‍ പതിക്കണമെന്ന് കമ്മിഷന്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്.
ഏതൊക്കെ വാഹനങ്ങളാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് നിരീക്ഷകരെ അറിയിക്കുകയും വേണം.
എല്ലാ ബൂത്തിലും
വിവിപാറ്റ്: രേഖപ്പെടുത്തിയ വോട്ട് പ്രിന്റൗട്ടില്‍ കാണാം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്ലാ പോളിങ് ബൂത്തിലും വിവിപാറ്റ് മെഷിന്‍ ഉപയോഗിക്കും. വോട്ടിങ് യന്ത്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വി.വി.പാറ്റ് ഉപകരണത്തില്‍ ഓട്ടോമാറ്റിക്കായി പ്രിന്റ് ചെയ്യുന്ന പേപ്പറില്‍ വോട്ടു ചെയ്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും കാണാം.
രേഖപ്പെടുത്തുന്ന വോട്ടിന്റെ പ്രിന്റ് പുറത്തുവരികയും വോട്ടര്‍ക്ക് അത് നേരില്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്യാമെന്നതാണ് ഈ യന്ത്രത്തിന്റെ പ്രത്യേകത. വോട്ടിങ് സംബന്ധിച്ചുണ്ടായേക്കാവുന്ന തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുന്നതിനും ഇതു സഹായിക്കും.
സാധാരണ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഒരു കണ്‍ട്രോള്‍ യൂനിറ്റും ബാലറ്റ് യൂനിറ്റും മാത്രമാണുള്ളത്. എന്നാല്‍ വി.വി.പി.എ.ടി മെഷീനില്‍ ഒരു പ്രിന്റിങ് യൂനിറ്റും ഉണ്ടാകും. ബാലറ്റ് യൂനിറ്റില്‍ വോട്ടിങ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ തെര്‍മല്‍ പേപ്പറില്‍ പുറത്തുവരുന്ന പ്രിന്റ് ഏഴ് സെക്കന്‍ഡ് സമയത്തേക്ക് വോട്ടര്‍ക്ക് കാണാം.
ഇതില്‍ സീരിയല്‍ നമ്പര്‍, പേര്, തിരഞ്ഞെടുപ്പ് ചിഹ്നം എന്നിവയുണ്ടാകും. രേഖപ്പെടുത്തിയ വോട്ട് പേപ്പര്‍, പ്രിന്റിലൂടെ വോട്ടര്‍ക്ക് കണ്ട് ബോധ്യപ്പെടാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രിന്റ് ചെയ്ത പേപ്പര്‍, മെഷിനുള്ളിലെ സീല്‍ ചെയ്ത അറയിലേക്ക് വീഴുകയും ചെയ്യും. കഴിഞ്ഞ നിയമസഭ പൊതുതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ 1650 പോളിങ് ബൂത്തുകളിലാണ് വി.വി.പാറ്റ് മെഷിന്‍ ഉപോഗിച്ചത്.
വോട്ട് ബോധവല്‍കരണം : 19ന് ചെങ്ങന്നൂര്‍ ഗോളടിക്കും
ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ട് ബോധവല്‍കരണ പരിപാടി ( സ്വീപ്) യുടെ ഭാഗമായി 19ന് ചെങ്ങന്നൂര്‍ ഗോളടിക്കും.
വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയും വോട്ട് ശതമാനം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടും സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ യൂത്ത് ക്ലബുകളുടെ സഹകരണത്തോടെയാണ് 19 ന് ചെങ്ങന്നൂരിലെ 10 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ എന്റെ വോട്ട്, എന്റെ ലക്ഷ്യം (മൈ വോട്ട്, മൈ ഗോള്‍) എന്ന പരിപാടി സംഘടിപ്പിക്കുക.വി.വി.പാറ്റ്, ഇ.വി.എം. യന്ത്രങ്ങള്‍ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു മുതല്‍ പ്രചരണം തുടങ്ങും. വോട്ട് പ്രചാരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ്, സൈക്കിള്‍ റാലി എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് സ്വീപ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്വീപ്പിന്റെ ഭാഗമായി ചെങ്ങന്നൂര്‍ ബ്ലോക്ക് ഓഫിസില്‍ യുവാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി വോട്ടിങ് മെഷിന്‍ പരിചയപ്പെടുത്തുന്ന പരിപാടി സംഘടിപ്പിച്ചു.സ്വീപ് നോഡല്‍ ഓഫിസര്‍ ബിന്‍സ് സി. തോമസ്, എ.ആര്‍.ഓ ഹര്‍ഷന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.പി ലോറന്‍സ് ക്ലാസിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."