ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
തൃശൂര്‍: ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ ഏറ്റുമുട്ടിയ ഗുണ്ടാസംഘങ്ങളില്‍ രണ്ടുപേരുടെ അറസ്റ്റു രേഖപ്പെടുത്തി.
ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒളരിക്കര ശിവരാമപുരം തട്ടില്‍ വീട്ടില്‍ മെല്‍ജോ(19), പുതൂര്‍ക്കര ഐക്യനഗര്‍ കല്ലൂര്‍ വീട്ടില്‍ ഷിയോണ്‍(18) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. ഗുണ്ടാത്തലവന്‍ സന്ദീപ്, റിജീഷ് എന്നീ രണ്ടുപേര്‍ക്കെതിരേ അടിപിടി ഉണ്ടാക്കിയതിന് കേസെടുക്കുമെന്ന് വെസ്റ്റ് സി.ഐ രാജു അറിയിച്ചു. ഇന്നലെ വൈകീട്ട് ആറേകാലോടെയാണ് വടിവാളുമായെത്തിയ ഗുണ്ടകള്‍ ആശുപത്രിയില്‍ സിനിമാ സ്റ്റൈലില്‍ ഏറ്റുമുട്ടിയത്.
കുപ്രസിദ്ധ ഗുണ്ട സന്ദീപിനെയും കൂട്ടാളിയെയും ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മെല്‍ജോയും ഷിയോണും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇരുവരെയും ഇന്നലെ തന്നെ പൊലിസ് കസ്റ്റിഡിയിലെടുത്തു. ഒളരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒത്തുകൂടിയ നാലുപേരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തിരിച്ചുപോരാന്‍ റിജീഷിനൊപ്പം ബൈക്കില്‍ കയറിയ സന്ദീപിനെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ സന്ദീപ് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ സമയം പിന്തുടര്‍ന്നെത്തിയവര്‍ ചേര്‍ന്ന് വടിവാളും കത്തിയും വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സന്ദീപിനെയും റിജീഷിനെയും ആക്രമിക്കാന്‍ ശ്രമിച്ചു.
ആയുധം ഉപയോഗിച്ച് ചെറുത്തുനിന്ന സന്ദീപും റിജീഷും ഓടിരക്ഷപ്പെടുന്നതിനിടെ വെസ്റ്റ് പൊലിസെത്തി അക്രമികളെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സന്ദീപിനെയും റിജീഷിനെയും പിന്നീട് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വില്‍പനയും മോഷണക്കേസുകളുമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മെല്‍ജോ കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. ഇതിന്റെ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മദ്യസല്‍ക്കാരത്തിനിടെയാണ് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ തെറ്റിയതെന്ന് പറയുന്നു. അപ്രതീക്ഷിതമായി മുന്നില്‍കണ്ട ഗുണ്ടാ ആക്രമണത്തില്‍ ആശുപത്രി ജീവനക്കാരും രോഗികളും പരിഭ്രാന്തരായി.ആശുപത്രിയിലെ സി.സി.ടി.വിയില്‍ ഗുണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് പൊലിസിനു കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."