ജീവനക്കാരുടെ അനാസ്ഥ: കൈവേദന ചികിത്സിക്കാനെത്തിയ യുവതിക്ക് കാല്‍വിരലും ചികിത്സിക്കേണ്ടി വന്നു
കുറ്റ്യാടി: ഗവ. താലുക്കാശുപത്രി ജീവനക്കാര്‍ കനത്ത അനാസ്ഥ കാണിച്ചതിനെ തുടര്‍ന്ന് കൈവേദന ചികിത്സിക്കാനെത്തിയ യുവതിക്ക് കാല്‍വിരലും കൂടി ചികിത്സിക്കേണ്ട ഗതികേടു വന്നു. തീക്കുനി കുണ്ടുകുളങ്ങര ജമീലയ്ക്കാണ് ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്ന് കാല്‍വിരലിന് പരുക്കേറ്റത്. നന്നേ അവശതയോടെത്തിയ മറ്റൊരു രോഗി ഉപയോഗിച്ച വീല്‍ചെയര്‍ ഒ.പിയില്‍ കൈവേദന പരിശോധനയ്ക്കായി കാത്തിരുന്ന ജമീലയുടെ ഇടതു കാലില്‍ ചെന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ചെറുവിരല്‍ മുറിയുകയും എല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്തു. വീല്‍ചെയര്‍ തള്ളിക്കൊണ്ടുപോകാന്‍ ആശുപത്രി ജീവനക്കാര്‍ തയാറാവാത്തതിനെ തുടര്‍ന്ന് രോഗിയുടെ കൂടെയുള്ള കുട്ടിയാണ് വീല്‍ചെയര്‍ തള്ളിയത്. കുട്ടിയുടെ അലക്ഷ്യമായ തള്ളല്‍ അപകടത്തിനിടയാക്കുകയായിരുന്നു. വീല്‍ചെയറിന്റെ തുരുമ്പിച്ച ഭാഗമാണ് കാലിലിടിച്ചത്.
അതേസമയം, കാല്‍വിരലിന് പരുക്കേറ്റ ജമീലയ്ക്ക് വേണ്ട പ്രാഥമിക ചികിത്സ പോലും ആശുപത്രിയില്‍ വച്ച് നല്‍കിയില്ലെന്നും പകരം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകാനാണ് അധികൃതര്‍ നിര്‍ദേശിച്ചതെന്നും ജമീല പറയുന്നു. ഇതിനിടെ അപകടത്തിന് ഇടവരുത്തിയവരും ജമീലയെ സഹായിച്ചില്ല. പിന്നീട് വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് ജമീലയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. ക്ഷതമേറ്റ വിരലിന് പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്.
താലൂക്കാശുപത്രിയിലെ വീല്‍ചെയറുകളില്‍ ഒട്ടുമിക്കവയും തുരുമ്പെടുത്തതിനെ തുടര്‍ന്ന് അവകള്‍ മാറ്റി പുതിയത് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."