പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യംചെയ്യാം: ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായ അഡ്വ. പ്രദീഷ് ചാക്കോയെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യംചെയ്യാമെന്ന് ഹൈക്കോടതി. അഭിഭാഷകന്‍ ചോദ്യംചെയ്യലിനു ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ പൊലിസ് ആവശ്യപ്പെട്ടതിനെതിരേ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ചോദ്യംചെയ്യലിന് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ നോട്ടിസ് പൊലിസ് പീഡനമായി കാണാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രദീഷ് ചാക്കോ മാര്‍ച്ച് 16ന് രാവിലെ പത്തിനും ഉച്ചക്ക് രണ്ടിനുമിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ നല്‍കുന്ന വിവരങ്ങള്‍ പുറത്തുപറയാന്‍ അഭിഭാഷകന് ബാധ്യതയില്ലെന്നാണ് പ്രദീഷ് ചാക്കോയുടെ വാദം. എന്നാല്‍, പള്‍സര്‍ സുനി സംഭവദിവസം ധരിച്ച വേഷം, നാല് സിം കാര്‍ഡുകള്‍ എന്നിവയടങ്ങിയ ബാഗ് അഭിഭാഷകന്റെ ഓഫിസില്‍ നിന്ന് കണ്ടെടുത്തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. നടിയെ ആക്രമിക്കുന്ന ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കായലില്‍ കളഞ്ഞെന്നാണ് സുനി ആദ്യം പറഞ്ഞതെങ്കിലും മൊബൈല്‍ ഫോണ്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ ദിവസം അഭിഭാഷകനെ ഏല്‍പ്പിച്ചതായി സുനിയുടെ രണ്ടാമത്തെ കുറ്റസമ്മത മൊഴിയിലുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യംചെയ്യാന്‍ നോട്ടിസ് നല്‍കിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അഭിഭാഷകന്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."