മിഠായിത്തെരുവില്‍ കടയടച്ച് പ്രതിഷേധം
കോഴിക്കോട്: വാഹനനിയന്ത്രണത്തില്‍ പ്രതിഷേധിച്ച് മിഠായി തെരുവില്‍ കടകള്‍ അടച്ചിട്ട് വ്യാപാരികളുടെ പ്രതിഷേധം. ഇന്നലെ ഉച്ചവരെയാണ് മിഠായി തെരുവില്‍ കടകള്‍ അടച്ചിട്ടത്.
മിഠായിതെരുവിന്റെ വികസനത്തിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി (ഹസന്‍ കോയ വിഭാഗം) അഭിപ്രായപ്പെട്ടു. ഗതാഗത നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ 12 വരെ കടകള്‍ അടച്ചിട്ടു. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കച്ചവടത്തെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. രാവിലെയുള്ള നിയന്ത്രണം ഒഴിവാക്കണമെന്നും രാത്രി ചരക്കിറക്കുമ്പോള്‍ പോര്‍ട്ടമാര്‍ ഇരട്ടി ചാര്‍ജ് ഈടാക്കുന്നതായും സമിതി ചൂണ്ടിക്കാട്ടി. ഈ സമരം സൂചനമാത്രമാണെന്നും അധികാരികള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ രീതിയിലുളള പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും സമിതി കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധ സമരം സമിതി സംസ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സിറ്റി പ്രസിഡന്റ് സി.എ റഷീദ് അധ്യക്ഷനായി. ഷെഫീഖ് സ്വാഗതവും രൂപേഷ് നന്ദിയും പറഞ്ഞു. പ്രതിഷേധ ജാഥയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."