പന്ത്രണ്ട് വനിതാ സൗഹൃദ പദ്ധതികള്‍ പ്രഖ്യാപിച്ച് നഗരസഭാ ബജറ്റ്
തിരുവനന്തപുരം: വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി 2.40 കോടി രൂപയുടെ പന്ത്രണ്ട് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തലസ്ഥാന നഗരസഭയുടെ 2016-17 ബജറ്റ്. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറാണ് 1281.59 കോടി വരവും 1248.68 കോടി ചെലവും 32.91കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്. 80 പുതിയ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ കുറേക്കാലങ്ങളായി തുടര്‍ന്നുവന്ന ഭരണ സമിതികള്‍ പ്രഖ്യാപിച്ചവ. പ്രഖ്യാപനത്തില്‍ മാത്രമൊതുക്കിയും പാതിവഴിയിലുപേക്ഷിച്ചതുമായ നിരവധി പദ്ധതികളും പുതിയ പദ്ധതിയായി ബജറ്റില്‍ ഇടംപിടിച്ചു.
നഗരത്തിലെ വനിതകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കി ബജറ്റിനെ വനിതാ സൗഹൃദ ബജറ്റാക്കി മാറ്റാന്‍ വനിതാ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ശ്രദ്ധിച്ചു. പെണ്‍കുട്ടികളെ ചുഷണങ്ങളില്‍ നിന്നും വിമുക്തമാക്കാന്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയോധന കലകള്‍ പരിശീലിപ്പിക്കുന്ന 'കരുത്ത്' പദ്ധതിക്ക് പത്തു ലക്ഷം രൂപയാണ് നീക്കി വെയ്ക്കുന്നത്. നഗരാതിര്‍ത്തിക്കുള്ളില്‍ വനിതകള്‍ക്കായി 'ഫ്രഷ്അപ് സെന്ററുകള്‍ക്ക്' 25 ലക്ഷം. ജീവിതശൈലീ രോഗങ്ങള്‍ മാറ്റുന്നതിന് വനിതകള്‍ക്ക് യോഗാ ക്ലാസ്സുകള്‍ക്കായി 'ജ്വാല' പദ്ധതിക്കായി 5 ലക്ഷം. സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കാന്‍ ജി.പി.എസ്. സംവിധാനമുള്ള 'ഷീ ടാക്‌സി, ഷീ ഓട്ടോ' പദ്ധതിക്ക് 50 ലക്ഷം. നഗരത്തില്‍ 'നൂറു വനിതാ തട്ടുകടകള്‍' പദ്ധതിക്ക് 50 ലക്ഷം. സ്‌കൂളുകളിലും, പൊതു ശൗചാലയങ്ങളിലും നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാന്‍ 'ബി ഹാപ്പി' പദ്ധതിക്ക് 5 ലക്ഷം. സര്‍ക്കാര്‍ സ്‌കൂളുകളിലെ നിര്‍ദ്ദനരായ പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന 'ലേഡീ ബേര്‍ഡ്' പദ്ധതിക്ക് 10 ലക്ഷം. നഗരത്തില്‍ എത്തുന്ന സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ടി തമ്പാനൂര്‍ കേന്ദ്രീകരിച്ച് ' യാത്രാസഹായി' പദ്ധതിക്കായി 2 ലക്ഷം. ബാങ്കിങ് മേഖലയുമായി സഹകരിച്ച് പ്രധാന കേന്ദ്രങ്ങളില്‍ എ.ടി.എം കൗണ്ടറും, ഷീ ടോയ്‌ലെറ്റും സ്ഥാപിക്കാന്‍ ' നിറവ്' പദ്ധതിക്കായി 10 ലക്ഷം. എസ്.സി, എസ്.ടി വിഭാഗത്തിലെ വിധവകളുടേയും, അഗതികളായ സ്ത്രീകളുടേയും മക്കള്‍ക്ക് പ്രോഫണല്‍ വിദ്യാഭ്യാസത്തിനായി 'ഉപരിപഠനം' പദ്ധതിക്കായി 10 ലക്ഷം. നഗരസഭയും കുടുംബശ്രീയും സഹകരിച്ച് നിര്‍ദ്ദന കുടുംബത്തിലെ യുവതികളുടെ സമൂഹ വിവാഹം നടത്താന്‍ ' അഗ്നിസാക്ഷി' പദ്ധതിക്കായി 25 ലക്ഷം. നഗരത്തിലെ യുവതീ-യുവാക്കളെ വിവിധ തൊഴിലുകളില്‍ നൈപുണ്യമുള്ളവരാക്കി ജീവിതയാത്രയ്ക്കായി സജ്ജരാക്കാന്‍ ' യൂത്ത് കേഡറ്റ്' പദ്ധതിക്കായി 2 ലക്ഷം രൂപയും നീക്കിവെക്കാന്‍ ബജറ്റില്‍ ഇടം കണ്ടിട്ടുണ്ട്.
ബജറ്റില്‍ ഒമ്പതു പേജും മേയറുടെ പ്രസംഗമാണുള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ സ്വീവേജ് പ്ലാന്റിന്റെ നവീകരണം, അറവു ശാലയുടെ നവീകരണം, മാലിന്യ സംസ്‌കരണത്തിന്റെ നൂതന വഴികള്‍, ഉറവിട മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങള്‍ പുതിയ പദ്ധതികളായി അവതരിപ്പിച്ചിട്ടുണ്ട്. ബജറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നഗരത്തെ സ്മാര്‍ട്ടര്‍ സിറ്റിയാക്കുകയാണ് ലക്ഷ്യമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എന്റെ നഗരം സുന്ദര നഗരം പദ്ധതിക്കായി കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. ഇത്തവണയും 20 കോടിയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഭവന പദ്ധതിക്കായി 50 കോടി നീക്കിവെച്ചിട്ടുണ്ട്. അതേസമയം നഗരത്തില്‍ സ്ഥലപരിമിതി കീറാമുട്ടിയായി നില്‍ക്കുന്നുണ്ടെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുമ്പോള്‍ പ്രഖ്യാപിച്ച ഭവന പദ്ധതിയുടെ ഭാവി അവതാളത്തിലാകും. വിഷമുക്ത പച്ചക്കറി കൃഷിക്കായി തൈകളും ഗ്രോബാഗും നല്‍കുന്ന പദ്ധതിക്ക് 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനം കൊണ്ടു വരാന്‍ 5 കോടിയാണ് നീക്കി വെച്ചിട്ടുള്ളത്. പബ്‌ളിക് ഹെല്‍ത്ത് സെന്ററുകളുടെ നവീകരണത്തിന് 30 ലക്ഷവും ചെലവിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."