അഞ്ചുമക്കളുടെ വയര്‍ നിറക്കണം; ജീവിതം 'ശോഭന'മാക്കാന്‍ ഒരമ്മ
താമരശേരി: ജീവിതത്തിനും ദുരിതത്തിനുമിടയില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് കൂടത്തായിയിലെ പുറായില്‍ വാടക വീട്ടില്‍ താമസിക്കുന്ന ശോഭനയും അഞ്ചു മക്കളും. തമിഴ്‌നാട് സ്വദേശിയായ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതില്‍ പിന്നെ ശോഭനയുടെയും മക്കളുടെയും ജീവിതം ദുരിതപൂര്‍ണമാണ്. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ശോഭന കൂടത്തായിയിലെ വാടക വീട്ടില്‍ താമസമാക്കിയത്. വല്ലപ്പോഴും ഓട് കഴുകാന്‍ പോയി ലഭിക്കുന്ന തുച്ഛമായ തുകയാണ് ഏക വരുമാനമാര്‍ഗം. പതിമൂന്നു വയസുള്ള മൂത്തമകള്‍ സോന ആറാം ക്ലാസ്സിലാണ്.
പത്തുവയസുകാരി സന അഞ്ചില്‍ പഠിക്കുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന ഒന്‍പതു വയസുള്ള സ്‌നേഹയുടെ പഠനം തൃശൂരിലെ നഴ്‌സിങ് ഹോമിലാണ്. കൂടത്തായി ആസാദ് സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സഞ്ജയും ആറുമാസം പ്രായമായ സോനുവും വയര്‍ നിറക്കുന്നത് ഈ അമ്മക്ക് വല്ലപ്പോഴും തുച്ഛമായി ലഭിക്കുന്ന ഏകവരുമാനം കൊണ്ടാണ്. ദിവസവും ശോഭനക്ക് ജോലിയുണ്ടാവാറില്ല. സോനയും, സനയും, സ്‌നേഹയും സ്‌കൂള്‍ അടച്ചതിനാല്‍ ഇപ്പോള്‍ അമ്മയോടൊപ്പം വാടകവീട്ടിലുണ്ട്. എന്നാല്‍ ഈ സമയം തനിക്ക് ജോലിക്ക് പോലും പോവാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ശോഭന പറയുന്നു. കുഞ്ഞുങ്ങളെ തനിച്ചാക്കി പോകാന്‍ ഈ അമ്മക്ക് കഴിയില്ല. പക്ഷേ വീട്ടില്‍ അടുപ്പ് കത്തണമെങ്കില്‍ എന്തെങ്കിലും പണിക്കു പോവണം. പലപ്പോഴും അയല്‍വാസികള്‍ നല്‍കുന്ന ഭക്ഷണമാണ് ഈ അമ്മയുടെയും അഞ്ചു മക്കളുടെയും വയര്‍ നിറക്കുന്നത്. വയറൊട്ടിയാല്‍ മനസില്ലാ മനസോടെ ശോഭന ജോലിക്ക് പോകും.
അമ്മ ജോലിക്ക് പോകുമ്പോള്‍ മൂത്തമകള്‍ സോനയാണ് തന്റെ സഹോദരങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. അയല്‍വാസികളുടെ കരുതലും, ഔദാര്യവും മാത്രമാണ് ഇവരുടെ ഏക ആശ്വാസം. തൃശൂരില്‍ പഠിക്കുന്ന മക്കള്‍ സ്‌കൂള്‍ തുറന്നാല്‍ നഴ്‌സിങ് ഹോമിലേക്ക് തിരികെ പോകും. ഈ സമയം ഇളയ കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇനി ഈ അമ്മക്ക് മുന്‍പില്‍.
ഈ സ്ഥിതിയില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഇവര്‍.നേരത്തെ ഭര്‍ത്താവിനൊപ്പം തമിഴ്‌നാട്ടിലെ മാത്തൂര്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് നാട്ടില്‍ വന്നതിന് ശേഷം ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അതിന് ശേഷം അഞ്ചു മക്കളെയുമായി കഷ്ടപ്പെടുകയാണ് ശോഭന. ചേളന്നൂരിലെ അമ്മവീട്ടില്‍ ശോഭനയുടെ സഹോദരനും കുടുംബവുമാണ് ഇപ്പോള്‍ താമസിക്കുന്നത്. തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കുന്ന ബന്ധുക്കള്‍ക്ക് മുന്‍പില്‍ തന്റെ കദന കഥ കൂടി പങ്കുവയ്ക്കാന്‍ ശോഭന ആഗ്രഹിക്കുന്നില്ല.
കുടുംബ സ്വത്തെന്ന് പറയാന്‍ ശോഭനക്കൊന്നുമില്ല. സ്വന്തമായൊരു വീടുവേണമെന്നും മക്കളെ സുരക്ഷിതമായി താമസിപ്പിക്കണമെന്നും പറയുമ്പോള്‍ ഈ അമ്മയുടെ കണ്ണുകള്‍ നിറയുകയാണ്. മാസത്തില്‍ 3000 രൂപ വാടക നല്‍കണം. അയല്‍വാസികളില്‍ ചിലരുടെ സഹായ ഹസ്തങ്ങള്‍കൊണ്ട് മാത്രമാണ് ശോഭനയും കുട്ടികളും ജീവിക്കുന്നത്. ഉദാരമതികളുടെ സഹായത്തിനായി കേഴുകയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."