ഗോവ, മണിപ്പൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റ് തടസപ്പെട്ടു
ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നടത്തിയ നടപടികളില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കോണ്‍ഗ്രസിനൊപ്പം യു.പി.എയിലെ ഘടകക്ഷികളും സഭയില്‍ പ്രതിഷേധമുയര്‍ത്തി.
കോണ്‍ഗ്രസ്, എന്‍.സി.പി, ആര്.ജെ.ഡി അംഗങ്ങളാണ് ചോദ്യോത്തര വേളയില്‍ വിഷയം ഉന്നയിച്ചത്. ഗോവയിലും മണിപ്പൂരിലും ബി.ജെ.പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ചോദ്യോത്തര വേളയില്‍ വിഷയം ഉന്നയിക്കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന് നിലപാടെടുത്തതോടെ പ്രതിപക്ഷം ബഹളം ശക്തമാക്കി. വിഷയം ഇവിടെയല്ലാതെ പിന്നെ വേറെ എവിടെയാണ് ഉന്നയിക്കുകയെന്ന് ഖാര്‍ഗെ തിരിച്ചുചോദിച്ചു. ഇരുസംസ്ഥാനങ്ങളിലും വ്യക്തമായ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിനെ മറികടന്ന് നിയമവിരുദ്ധമായി ബി.ജെ.പി ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ചോദ്യോത്തര വേളയില്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോഴും സ്പീക്കര്‍ അനുമതി നല്‍കിയില്ല.
സര്‍ക്കാര്‍ രൂപീകരിക്കാന്‍
ഗവര്‍ണര്‍ ക്ഷണിച്ചില്ല: കോണ്‍ഗ്രസ്
പനാജി: സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ച് ഞായറാഴ്ച കത്തു നല്‍കിയിരുന്നെങ്കിലും ഗോവ ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങാണ് ഗവര്‍ണര്‍ക്കെതിരേ ആരോപണം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിറ്റേന്നു തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം തങ്ങള്‍ ഗവര്‍ണറോട് ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു കത്തും നല്കി. എന്നാല്‍, അവര്‍ ഇതുവരെ തങ്ങളുമായി സംസാരിക്കുകയോ സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിക്കുകയോ ചെയ്തില്ലെന്ന് ദിഗ്വിജയ് സിങ് ആരോപിച്ചു. കഴിഞ്ഞ ദിവസം പനാജിയില്‍ ഗോവ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."