സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ മാഞ്ചസ്റ്റര്‍ വീണു
ലണ്ടന്‍: ഇടവേളയ്ക്കു ശേഷം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വന്നിറങ്ങിയ മുന്‍ ചെല്‍സി പരിശീലകന്‍ ഹോസെ മൗറീഞ്ഞോയ്ക്ക് മുഖംപൊത്തി വീണ്ടും മടക്കം. എഫ്.എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചെല്‍സിയെ നേരിടാനിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒറ്റ ഗോളിന്റെ തോല്‍വി വഴങ്ങി പുറത്തേക്കുള്ള വഴി കണ്ടപ്പോള്‍ ചെല്‍സി സെമിയിലേക്കു മുന്നേറി. ആദ്യ പകുതി ഗോള്‍ രഹിതമായി നിന്നപ്പോള്‍ രണ്ടാം പകുതി തുടങ്ങി 51ാം മിനുട്ടില്‍ മധ്യനിര താരം എന്‍ഗാളോ കാണ്ടെ നേടിയ ഗോളാണു ചെല്‍സിക്കു വിജയവും അവസാന നാലില്‍ ഇടവും സമ്മാനിച്ചത്.
ഏപ്രില്‍ 22നു നടക്കുന്ന സെമി പോരാട്ടങ്ങളില്‍ ചെല്‍സി- ടോട്ടനം ഹോട്‌സ്പറുമായും ആഴ്‌സണല്‍- മാഞ്ചസ്റ്റര്‍ സിറ്റിയുമായും ഏറ്റുമുട്ടും. മിഡ്ഡ്ല്‍സ്‌ബ്രോയെ കീഴടക്കിയാണു മാഞ്ചസ്റ്റര്‍ സിറ്റി സെമിയിലെത്തിയത്. ആഴ്‌സണല്‍- ലിങ്കന്‍ സിറ്റിയേയും ടോട്ടനം- മില്‍വെല്ലിനേയും പരാജയപ്പെടുത്തിയാണു അവസാന നാലില്‍ സീറ്റുറപ്പിച്ചത്.
ചെല്‍സി പരിശീലകന്‍ അന്റോണിയോ കോണ്ടെയുടെ 3-4-3 ശൈലിക്ക് അതേ ശൈലി സ്വീകരിച്ചു മറുപടി പറയാമെന്ന മൗറീഞ്ഞോയുടെ തന്ത്രം വിലപ്പോയില്ല. മാത്രമല്ല 35ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു ചുവപ്പു കാര്‍ഡും വാങ്ങി ആന്‍ഡര്‍ ഹെരേര പുറത്താകുകയും ചെയ്തതോടെ അവര്‍ക്കു പത്തു പേരുമായി കളി മുക്കാല്‍ പങ്കും പിന്നിടേണ്ടി വന്നതും തിരിച്ചടിയായി മാറി. 51ാം മിനുട്ടില്‍ വില്ല്യന്‍ നല്‍കിയ പാസില്‍ നിന്നാണ് കാണ്ടെയുടെ ഗോള്‍ പിറന്നത്. പോസ്റ്റിന്റെ ഇടതു മൂലയില്‍ നിന്നു കാണ്ടെ തൊടുത്ത ഷോട്ട് കൃത്യമായി വലയില്‍ കയറുകയായിരുന്നു.
സസ്പന്‍ഷന്‍ കാരണം മുന്നേറ്റത്തില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ അഭാവവും പരുക്കേറ്റു പുറത്തിരിക്കുന്ന നായകന്‍ വെയ്ന്‍ റൂണിയുടെ അസാന്നിധ്യവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു തിരിച്ചടിയായി. ഈ മാസം 17നു യൂറോപ്പ ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ പോരാട്ടത്തില്‍ റഷ്യന്‍ ക്ലബ് റോസ്റ്റോവിനെതിരേ പോരിനിറങ്ങുന്ന മാഞ്ചസ്റ്ററിനു വിജയം അനിവാര്യമാണ്. ആദ്യ പാദത്തില്‍ 1-1നു സമനില വഴങ്ങിയാണു അവര്‍ രണ്ടാം പാദ പോരാട്ടത്തിനായി സ്വന്തം തട്ടകത്തിലിറങ്ങുന്നത്. എവേ ഗോളിന്റെ ആനുകൂല്യമുമുണ്ടെങ്കിലും അടുത്ത ഘട്ടത്തിലേക്കു കടക്കാന്‍ അതുമാത്രം പോര. ഇബ്രാഹിമോവിചിന്റേയും റൂണിയുടേയും അസാന്നിധ്യം എങ്ങനെ തരണം ചെയ്യാമെന്ന ചോദ്യമാണു ചെല്‍സിക്കെതിരായ തോല്‍വി മൗറീഞ്ഞോയ്ക്കു നല്‍കിയിരിക്കുന്നത്.
വിജയം സ്വന്തമാക്കി
ലിവര്‍പൂള്‍
ലണ്ടന്‍: ദുര്‍ബലര്‍ക്കെതിരേ പരാജയപ്പെടുന്ന പതിവ് ലിവര്‍പൂള്‍ ആവര്‍ത്തിച്ചില്ല. ബേണ്‍ലിയെ 2-1നു വീഴ്ത്തി ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ നാലിലെ സ്ഥാനം സുരക്ഷിതമാക്കി. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം വിനാല്‍ഡം, എംറെ കാന്‍ എന്നിവരുടെ ഗോളുകളാണു ലിവര്‍പൂളിനെ വിജയിപ്പിച്ചത്.
ലാസിയോക്ക് ജയം
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ ലാസിയോക്ക് ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് അവര്‍ ടൊറിനോയെ പരാജയപ്പെടുത്തി. ജയത്തോടെ ലാസിയോ പോയിന്റ് പട്ടികയില്‍ നാലാമത്. സ്പാനിഷ് ലാ ലിഗയില്‍ ഓസാസുന- എയ്ബര്‍ പോരാട്ടം 1-1നു സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."