തുര്‍ക്കിയും നെതര്‍ലന്റും തര്‍ക്കം രൂക്ഷമാകുന്നു
അങ്കാറ: തുര്‍ക്കിയും നെതര്‍ലന്റും തമ്മിലുള്ള നയതന്ത്ര പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂനിയന്‍ ഇടപെടുന്നു. എന്നാല്‍ യൂറോപ്യന്‍ യൂനിയന്‍ നെതര്‍ലന്റിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്ന് ആരോപിച്ച് തുര്‍ക്കി രംഗത്തെത്തി. നെതര്‍ലന്റില്‍ നടന്ന മുസ്‌ലിം കൂട്ടക്കൊലയുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ തുര്‍ക്കി ഉന്നയിച്ചതോടെ തര്‍ക്കം രൂക്ഷമാകുകയാണ്.
യൂറോപ്യന്‍ വിദേശ നയമേധാവി ഫെഡെറിക മെഗേറിനിയും യൂറോപ്യന്‍ യൂനിയന്‍ എന്‍ലാര്‍ജ്‌മെന്റ് കമ്മിഷണര്‍ ജൊഹന്നാസ് ഹാനും ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും തുര്‍ക്കി അനുകൂല മനോഭാവം സ്വീകരിച്ചില്ല. തുര്‍ക്കി പ്രകോപനപരമായ പ്രസ്താവന നടത്തരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. തുര്‍ക്കി വിദേശകാര്യമന്ത്രിയെ നെതര്‍ലന്റിലെ റോട്ടര്‍ഡാമില്‍ നടത്താന്‍ തീരുമാനിച്ച രാഷ്ട്രീയ യോഗത്തില്‍ പങ്കെടുക്കുന്നത് തടഞ്ഞതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന് അധികാരത്തില്‍ തുടരാന്‍ ശക്തിയേകുന്ന ഹിതപരിശോധനക്ക് വേണ്ടി പ്രചാരണം നടത്താനാണ് നെതര്‍ലന്റില്‍ തുര്‍ക്കി രാഷ്ട്രീയ യോഗം വിളിച്ചത്.
നെതര്‍ലന്റിനെതിരേ നാസി പ്രയോഗം നടത്തി ഉര്‍ദുഗാനും രംഗത്തുവന്നതാണ് വിവാദങ്ങള്‍ കൊഴുപ്പിച്ചത്. നെതര്‍ലന്റ് സ്ഥാനപതിയെ അങ്കാറയിലേക്ക് മടങ്ങുന്നത് തുര്‍ക്കി തടയുകയും ചെയ്തു. നെതര്‍ലന്റിനെതിരേ തുര്‍ക്കി നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് നെതര്‍ലന്റ് ആരോപിച്ചു.
മുസ്‌ലിം കൂട്ടക്കൊല ഉയര്‍ത്തി ഉര്‍ദുഗാന്‍
അങ്കാറ: 1995 ല്‍ കിഴക്കന്‍ ബോസ്‌നിയയില്‍ നടന്ന മുസ്‌ലിം കൂട്ടക്കൊല ഉയര്‍ത്തി ഉര്‍ദുഗാന്‍ രംഗത്ത്. ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് കിഴക്കന്‍ ബോസ്‌നിയയിലെ സെര്‍ബ്രെനികയില്‍ 8000 മുസ്‌ലിംകളെ നെതര്‍ലന്റ് കൂട്ടക്കൊല നടത്തിയ വിഷയം ഉര്‍ദുഗാന്‍ ഉന്നയിച്ചത്.
യു.എന്‍ സമാധാന സേനയിലെ ഡച്ച് ബറ്റാലിയന്‍ ആണ് അതിക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ചീഞ്ഞളിഞ്ഞ സ്വഭാവത്തിന് ഉടമകളാണ് ഡച്ചുകാരെന്നും അതിന് ഉദാഹരണമാണ് കൂട്ടക്കൊലയെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു.
രണ്ട് തുര്‍ക്കി മന്ത്രിമാരെ നെതര്‍ലന്റ് തടഞ്ഞ ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നേരത്തെ നെതര്‍ലന്റുകാരെ നാസികളെന്നും ഫാസിസ്റ്റുകളെന്നും തുര്‍ക്കി വിശേഷിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."