പ്രവാസികളുടെ എമിഗ്രേഷന്‍ നടപടികളിലെ പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിച്ചു: അംബാസിഡര്‍ അഹമ്മദ് ജാവേദ്
റിയാദ്: ഇ സി എന്‍ ആര്‍ കാറ്റഗറിയിലുള്ള പ്രവാസികള്‍ അവധി കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചു വരുന്ന സമയങ്ങളില്‍ എമിഗ്രെഷന്‍ പോയന്റില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവന്നു സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ് വ്യക്തമാക്കി.
സഊദിയില്‍ സന്ദര്‍ശനം നടത്തുന്ന എന്‍ കെ പ്രേമ ചന്ദ്രന്‍ എം പിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയത്തില്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടതെന്നു അംബാസിഡര്‍ വ്യക്തമാക്കിയത്.
ഇഖാമ കോപ്പിയും അതിന്റെ പരിഭാഷയും തിരിച്ചുവരാനുള്ള വിസയുടെ കോപ്പിയും എമിഗ്രേഷന്‍ പോയിന്റില്‍ സമര്‍പ്പിച്ചാല്‍ മൂന്ന് വര്‍ഷത്തില്‍ കുറവ് വിദേശത്ത് ജോലി ചെയ്തവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ ഇ സി എന്‍ ആര്‍ സ്റ്റാമ്പ് ഇല്ലെങ്കില്‍ പോലും തിരിച്ചു വരുന്നതിനുള്ള നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും അംബാസിഡര്‍ പറഞ്ഞു.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദില്‍ എം പിയുമായി സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു വന്ന ആവശ്യമനുസരിച്ചു നടത്തിയ അഭ്യര്‍ത്ഥനയിലാണ് ഇക്കാര്യം അംബാസിഡര്‍ വ്യക്തമാക്കിയത്.
നവജാത ശിശുക്കള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാന്‍ മാതാപിതാക്കളും കുഞ്ഞും ഒരുമിച്ചു ഹാജരാകണമെന്ന് വ്യവസ്ഥയും ഒഴിവാക്കും. മതിയായ രേഖകളുമായി പിതാവ് ഹാജരാക്കിയാല്‍ മതിയാകും.
സഊദി പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സൗകര്യമൊരുക്കുന്നതിനു ഉന്നത തല ചര്‍ച്ചകള്‍ ആരംഭിച്ചതായി അംബാസിഡര്‍ കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.
ഇവിടെ വെച്ച് മരണപ്പെടുന്നവരുടെ മൃതുദേഹങ്ങള്‍ കാലതാമസം കൂടാതെ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി സഊദി ഗവണ്‍മെന്റുമായി ചര്‍ച്ചകള്‍ നടന്നു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളാണ് പ്രേമചന്ദ്രന്‍ എം പി അംബാസിഡറുടെ മുന്നില്‍ ഉയര്‍ത്തിയത്. അംബാസിഡറുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുല്‍ അനില്‍ നൊട്ടിയാല്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ, റാഫി കൊയിലാണ്ടി, മുഹമ്മദ് കായംകുളം, നാസര്‍ ലെയ്‌സ്, സാബു ഫിലിപ്പ്, ഹാരിസ് ബാബു, ബഷീര്‍ കോതമംഗലം, ഇഖ്ബാല്‍ കോഴിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."