റമദാന്‍: തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ രാജാവിന്റെ ഉത്തരവ്
ജിദ്ദ: റമദാന്‍ വ്രതത്തോടനുബന്ധിച്ച് മക്കയിലും മദീനയിലും സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനു ആവശ്യമായ കാര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രിസഭ. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം ഇക്കാര്യങ്ങള്‍ വിലയിരുത്തി. തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഇരു ഹറമുകളും സജ്ജമാണെന്നും മന്ത്രിസഭ അറിയിച്ചു.
ഇരു ഹറമിലും തീര്‍ഥാടകര്‍ക്കും, സന്ദര്‍ശകര്‍ക്കുമുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയത്. സാംസ്‌കാരിക, വാര്‍ത്താവിനിമയ മന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന സ്റ്റേറ്റ് മന്ത്രിയും മന്ത്രിസഭാംഗവുമായ ഡോ. ഇസാം ബിന്‍ സഈദാണ് ഇരുഹറം സജ്ജീകരണങ്ങളെക്കുറിച്ച് മന്ത്രിസഭയില്‍ വിശദീകരിച്ചത്.
റമദാനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് സജ്ജീകരണങ്ങള്‍ ഉറപ്പു വരുത്തിയിട്ടുള്ളത്. ഹറമുകളിലെ എല്ലാ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും റമദാനില്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കും. കൂടാതെ തീര്‍ഥാടകര്‍ക്ക് ഇഹറാമില്‍ പ്രവേശിക്കാനുള്ള മീഖാത്ത് പള്ളികള്‍, കര, കടല്‍, വായു മാര്‍ഗം സൗദിയിലത്തെുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ എന്നിവയും അധികൃതര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍, കപ്പല്‍ തുറമുഖം, കര മാര്‍ഗമത്തെുന്ന കവാടങ്ങള്‍ എന്നിവ പൂര്‍ണ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. റമദാന്‍ അവസാന പത്തിലെ ഇഅ്തികാഫിന് ഇരു ഹറമിലും പ്രത്യേക ഭാഗം നിര്‍ണയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷനിലൂടെ മാത്രമാണ് ഇഅ്തികാഫിന് അനുമതി.
മക്കയിലേക്കുള്ള ബസുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്താന്‍ മക്ക ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ ഉത്തരവിട്ടു. തീര്‍ഥാടകരുടെ യാത്രക്ക് 2000 ബസുകള്‍ ഏര്‍പ്പെടുത്തും. ഹറമിലെ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ബസുകള്‍ സര്‍വീസ് നടത്തുക. എട്ട് ദശലക്ഷം സര്‍വിസുകളിലായി 40 ദശലക്ഷം തീര്‍ഥാടകരെ ഹറമിലേക്കും തിരിച്ചും എത്തിക്കാനാണ് പദ്ധതി.
അല്‍ അസീസിയ, അല്‍ നസീം, അല്‍ അവാലി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള ബസ് സര്‍വ്വീസുകളാണ് വര്‍ധിപ്പിക്കുന്നത്. മക്ക ഹറമിനടുത്ത് ഗതാഗത കുരുക്കൊഴിവാക്കാന്‍ വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് ആളുകളെ ഹറമിലേക്കും തിരിച്ചും എത്തിക്കുന്ന ചെയിന്‍ ബസ് സര്‍വിസ് പദ്ധതി ഏതാനും വര്‍ഷം മുമ്പാണ് ആരംഭിച്ചത്. നല്ല ഫലം കണ്ടതിനെ തുടര്‍ന്നാണ് ഇത്തവണ പദ്ധതി വിപുലമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്.
റമദാന്‍ മാസത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞതായി ഹയ്യര്‍ കമ്മീഷന്‍ ഫോര്‍ മോണിറ്ററിംഗ് പില്‍ഗ്രിംസ് അറിയിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ നിരീക്ഷണം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയതായും അധികൃതര്‍ അറിയിച്ചു.
സുരക്ഷയ്ക്കായി 5000ത്തോളം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ നിരവധി കമാന്‍ഡ് സെന്ററുകളും തുറന്നതായി അധികൃതര്‍ അറിയിച്ചു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം പരിശീലനം സിദ്ധിച്ചവരെയും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."