ലോകത്തെ ഏറ്റവും ശക്തനായവരില്‍ സഊദി കിരീടാവകാശി ആദ്യ പത്തില്‍
റിയാദ്: ഫോബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും ശക്തരായവരുടെ ലിസ്റ്റില്‍ സഊദി കിരീടാവകാശി ആദ്യ പത്തു പേരുടെ ലിസ്റ്റില്‍ ഇടം നേടി. സഊദി കിരീടാവകാശിയും പ്രതിരോധമന്ത്രിയും സാമ്പത്തിക വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഫോബ്‌സ് മാസികയുടെ എഴുപത്തഞ്ചു പേരുടെ ലിസ്റ്റില്‍ ആഗോള തലത്തില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കിയത്. അറബ് ലോകത്ത് ഏറ്റവും ശക്തരായ ഭരണാധികാരിയും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ്.
കഴിഞ്ഞ ദിവസമാണ് ഫോബ്‌സ് മാസിക ലോകത്തെ ഏറ്റവും ശക്തരായ ഭരണാധികാരികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും. സഊദിയുടെ സാമ്പത്തിക വികസനം, വിഷന്‍ 2030, അഴിമതി വിരുദ്ധ നീക്കം, അടുത്ത തലമുറക്ക് വേണ്ടി മധേഷ്യയെ അടിമുടി മാറ്റാനുള്ള നീക്കം തുടങ്ങിയ വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് എം.ബി.എസിനെ ശക്തരില്‍ എട്ടാം സ്ഥാനം നേടിക്കൊടുത്തത്. 43 ആം സ്ഥാനത്തുള്ള യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, 45 ആം സ്ഥാനത്തുള്ള ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി എന്നിവരാണ് അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള മറ്റുള്ളവര്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്‍പതാം സ്ഥാനത്തുണ്ട്.
ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ രണ്ടാം സ്ഥാനത്തും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്നാം സ്ഥാനത്തുമാണ്. ആന്‍ജെല മെര്‍ക്കലിന്‍ (ജര്‍മ്മന്‍ ), ജെഫ് ബിസോസ് (ആമസോണ്‍ സ്ഥാപകന്‍, സി.ഇ.ഒ ), ഫ്രാന്‍സിസ് മാര്‍പാപ്പ, ബില്‍ഗേയ്റ്റ്‌സ്, മുഹമ്മദ് ബിന്‍ സല്‍മാന്‍ (സഊദി ), നരേന്ദ്ര മോദി (ഇന്ത്യ ), ലാറി പേജ് (ഗൂഗിള്‍ സി ഇ ഒ ) എന്നിവരാണ് യഥാക്രമം ആദ്യ പത്ത് സ്ഥാനങ്ങള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."