ഭൂമി തട്ടിപ്പ് തടഞ്ഞ പത്തനംതിട്ട കലക്ടറെ മാറ്റി
തിരുവനന്തപുരം: ആദിവാസികള്‍ക്കു ഭൂമി നല്‍കുന്നതിന്റെ മറവില്‍ തട്ടിപ്പ് നടത്താനുള്ള നീക്കം തടഞ്ഞും ചെങ്ങറ സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ചും സി.പി.എമ്മിന്റെ അതൃപ്തിക്കിരയായ പത്തനംതിട്ട കലക്ടര്‍ ആര്‍. ഗിരിജയെ മാറ്റി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ (അര്‍ബന്‍) വകുപ്പ് അഡിഷണല്‍ സെക്രട്ടറിയായാണ് മാറ്റിയത്. ജി.എസ്.ടി വകുപ്പ് ജോയിന്റ് കമ്മിഷണര്‍ ഡി. ബാലമുരളിയെ പത്തനംതിട്ട കലക്ടറായും നിയമിച്ചു.
വെച്ചൂച്ചിറ കൊല്ലമുളയില്‍ ആദിവാസികള്‍ക്കുള്ള ഭൂമിയുടെ രജിസ്‌ട്രേഷന്റെ മറവില്‍ വന്‍ തട്ടിപ്പിനു കളമൊരുങ്ങുന്നതായി കണ്ടെത്തിയപ്പോള്‍ ഇടപെട്ടു തടഞ്ഞതോടെയാണ് ഗിരിജ പാര്‍ട്ടി നേതാക്കളുടെ കണ്ണിലെ കരടായത്. 'ആശിക്കും ഭൂമി ആദിവാസിക്ക് ' പദ്ധതി പ്രകാരം കൊല്ലമുള വില്ലേജില്‍ ഭൂമി വിലയ്ക്കു വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇടപെടല്‍. ജില്ലയിലെ 16 ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനായി വെച്ചൂച്ചിറയിലെ മണ്ണടിശാലയില്‍ കണ്ടെത്തിയ നാലര ഏക്കര്‍ ഭൂമിയുടെ ഇടപാടില്‍ സുതാര്യത ഇല്ലെന്നു കണ്ടെത്തിയപ്പോള്‍ കഴിഞ്ഞ മാസം 13ന് ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവു നല്‍കുകയായിരുന്നു.
പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം വസ്തു ഉടമയുമായി കലക്ടര്‍ നേരിട്ടു ചര്‍ച്ച നടത്തി സര്‍ക്കാര്‍ താരിഫ് വില നല്‍കാമെന്ന് അറിയിച്ചെങ്കിലും ഇടനിലക്കാര്‍ മുഖേന നിശ്ചയിച്ച വില ഉടമ ആവശ്യപ്പെട്ടു. നടപടിയെ തുടര്‍ന്ന് സി.പി.എം കലക്ടര്‍ക്കെതിരേ പരസ്യമായി രംഗത്തുവരികയും ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പൊതുയോഗങ്ങളിലടക്കം അവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കലക്ടര്‍ക്കു മാനസിക വൈകല്യമുണ്ടെന്നാണ് കലക്ടറേറ്റിനു മുന്നില്‍ നടന്ന കെ.എസ്.കെ.ടി.യു ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ഉദയഭാനു പറഞ്ഞത്. ഇതിനിടെ ചെങ്ങറ സമരത്തോടുള്ള കലക്ടറുടെ നിലപാടും പാര്‍ട്ടിയെ ചൊടിപ്പിച്ചു. രാഷ്ട്രീയ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് മൂന്നാഴ്ച മുന്‍പ് അവര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."