കനത്ത വേനല്‍ മഴയില്‍ പരക്കെ നാശം
മാനന്തവാടി: കനത്ത വേനല്‍ മഴയില്‍ പരക്കെ നാശം. ഇന്നലെനാലുമണിയോടെയാണ് മാനന്തവാടിയിലും പരിസരങ്ങളിലും വേനല്‍ മഴ തിമിര്‍ത്തു പെയ്തത്. ചുട്ടുപഴുത്ത മണ്ണിലേക്ക് നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴക്കൊപ്പം ആഞ്ഞു വീശിയ കാറ്റാണ് നാശം വിതച്ചത്. റോഡുകളിലേക്ക് മരങ്ങള്‍ വീണത് പലയിടത്തും ഗതാഗതം തടസപ്പെടാന്‍ ഇടയാക്കി. ഗവ. വി.എച്ച്.എസ്.എസിനു മുന്നില്‍ റോഡില്‍ വീണ മരം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മൈസൂര്‍ റോഡിലും തലശേരി റോഡിലും മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിനു സമീപവും റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വളളിയൂര്‍ക്കാവ് ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രദര്‍ശന നഗരിക്കായി തയാറാക്കിയ പവലിയന്‍ മഴയിലും കാറ്റിലും തകര്‍ന്നു. വള്ളിയൂര്‍ക്കാവിലെ കൊല്ലറയ്ക്കല്‍ രാധയുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ വര്‍ഷം മാനന്തവാടി ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇവര്‍ വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. വള്ളിയൂര്‍ക്കാവിലെ പെരുഞ്ചേരിയില്‍ സനലിന്റെ വീടും ഭാഗികമായി തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."