മെഡിക്കല്‍ കോളജിനോടുള്ള അവഗണന; സമരം ശക്തമാക്കും: യൂത്ത് ലീഗ്
കല്‍പ്പറ്റ: വയനാടിന് അനുവദിക്കപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിപ്പുസമരം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ എം.എ സമദ് ഉദ്ഘാടനം ചെയ്തു. സകല രംഗങ്ങളിലും അമ്പേ പരാജയമായ പിണറായി സര്‍ക്കാര്‍ ആതുര സേവന രംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന വയനാട് ജില്ലയോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അധ്യക്ഷനായി.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിലും രണ്ടാം ബജറ്റിലും മെഡിക്കല്‍ കോളജിനെ അവഗണിച്ച സാഹചര്യത്തില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് ലീഗ് ഇരിപ്പു സമരം സംഘടിപ്പിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 900 കോടിയുടെ മെഡിസിറ്റി പദ്ധതിയാണ് എല്‍.ഡി.എഫ് ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും പിടിപ്പുകേട് കൊണ്ട് ത്രിശങ്കുവിലായിരിക്കുന്നത്. നേരത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജ് വിഷയത്തില്‍ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കലക്ടറേറ്റ്, സെക്രട്ടേറിയറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചിരുന്നു. സമരത്തെത്തുടര്‍ന്ന് പദ്ധതികള്‍ക്ക് ഗതിവേഗം കൂടുകയും 69 കോടി രൂപ പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. സി.കെ ഹാരിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ഡി.സി.സി ജനറല്‍ സെക്രട്ടറി ഒ.വി അപ്പച്ചന്‍, ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ, അഡ്വ എം.സി.എം ജമാല്‍, കെ.എം ഷബീര്‍ അഹമ്മദ്, ജില്ലാ ഭാരവാഹികളായ, വി.എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, എ.പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി.കെ സലാം, ഹാരിസ് കാട്ടിക്കുളം, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം, മുജീബ് കെയംതൊടി, യൂനുസലി പനമരം, ആരിഫ് തണലോട്ട്, സി.ടി ഹുനൈസ്, അസീസ് വേങ്ങൂര്‍, നൂര്‍ഷ ചേനോത്ത്, റിയാസ് കല്ലുവയല്‍ സംസാരിച്ചു. സലീം കേളോത്ത് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."