ട്രസ്റ്റിന്റെ പേരില്‍ വൃദ്ധയുടെ ഭൂമി തട്ടിയെടുത്തെന്ന് പരാതി
കൊച്ചി: സത്യസായ് ബാബ ട്രസ്റ്റിന്റെ പേരില്‍ സ്വകാര്യ വ്യക്തി വൃദ്ധയുടെ ഭൂമി തട്ടിയെടുത്തതായി പരാതി. ആലുവ സ്വദേശിനി അമ്പിയാറ്റിപറമ്പില്‍ സതിയമ്മയാണ് പരാതിയുമായി വനിതാ കമ്മിഷനെ സമീപിച്ചത്. കേസ് ഫയലില്‍ സ്വീകരിച്ച കമ്മിഷന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടു.
സ്വന്തം ഭൂമിയില്‍ നിന്ന് 12 സെന്റ് ഭൂമി സത്യസായ് ട്രസ്റ്റിന് ദാനം നല്‍കാന്‍ സായ് ഭക്തയായ സതിയമ്മ തീരുമാനിച്ചിരുന്നു. ഇത് സായ് ബാബയെ നേരില്‍ കണ്ട് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും ഭൂമി വേണ്ടെന്നുമാണ് സായ് ബാബ അറിയിച്ചതെന്ന് സതിയമ്മ പറയുന്നു.
എന്നാല്‍ ഇത് മനസിലാക്കിയ സ്വകാര്യ വ്യക്തി ഇവരെ കണ്ട് സായ് ട്രസ്റ്റിന് എന്ന പേരില്‍ ഭൂമി എഴുതി വാങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
16 വര്‍ഷം മുന്‍പാണ് ആലുവ നഗരത്തില്‍ ഒന്നരക്കോടി രൂപ വിലമതിക്കുന്ന 12 സെന്റ് ഭൂമി നല്‍കിയത്. എഴുതി നല്‍കുമ്പോള്‍ ചില നിബന്ധനകള്‍ സതിയമ്മ വച്ചിരുന്നു. തന്റെ രണ്ടു സഹോദരന്മാര്‍ക്ക് 50,000 രൂപ വീതവും തന്റെ ചെലവുകള്‍ക്കായി മാസം 10,000 രൂപയും നല്‍കണമെന്നായിരുന്നു വ്യവസ്ഥ.ആലുവ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ദാനമായി നല്‍കുന്ന ഭക്ഷണം ഇവിടെത്തന്നെ പാചകം ചെയ്യണമെന്നും നിബന്ധനയിലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. തൊട്ടടുത്ത് താമസിക്കുന്ന സതിയമ്മയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഇപ്പോള്‍ സ്വകാര്യ വ്യക്തി ഭൂമി മറ്റൊരു വ്യക്തിക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് 87 കാരിയായ ഇവര്‍ കമ്മിഷനെ സമീപിച്ചത്. സതിയമ്മയ്ക്ക് പൊലിസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടു. സംഭവത്തില്‍ ട്രസ്റ്റിന് ബന്ധമില്ലെന്നാണ് കരുതുന്നതെന്നും കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."