പുത്തരിയടുക്കം ലക്ഷം വീട് കോളനിയില്‍ കുടിവെള്ള ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ പുത്തരിയടുക്കം ലക്ഷം വീട് കോളനിയില്‍ കുടിവെള്ള ക്ഷാമത്തിനു താല്‍ക്കാലിക പരിഹാരം. വാര്‍ഡ് കൗണ്‍സലര്‍ പി മനോഹരന്റെ ഇടപെടലിന്റെ ഭാഗമായാണു പ്രശ്‌നത്തിനു താല്‍ക്കാലിക പരിഹാരമായത്. ഈ പ്രദേശവാസികള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തെക്കുറിച്ച് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കൗണ്‍സലര്‍ സി.പി.എം പാലാത്തടം ബ്രാഞ്ചിന്റെ സഹകരണത്തോടെ നാട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.
ഇതിനു തൊട്ടടുത്തുള്ള പറമ്പിലെ കുഴല്‍കിണര്‍ കുടിവെള്ളത്തിനായി വിട്ടുനല്‍കാന്‍ ഉടമസ്ഥന്‍ മുഹമ്മദ് പാലായി തയാറായതോടെ കാര്യങ്ങള്‍ക്കു വേഗതയേറി. കൗണ്‍സലറുടെ നിര്‍ദേശ പ്രകാരം നാട്ടുകാര്‍ തന്നെ പണം സ്വരൂപിച്ചു മോട്ടോര്‍ വാങ്ങുകയും കുഴല്‍കിണറില്‍ സ്ഥാപിക്കുകയും ചെയ്തു. 25000 രൂപയാണ് ഇതിനായി ഇവര്‍ സ്വരൂപിച്ചത്.
രഞ്ജു, രാജേഷ്, ഹരി, കുടുംബശ്രീ സെക്രട്ടറി സ്മിത, പ്രീത, ദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇതോടെ ഇവിടെയുള്ള ഇരുപത്തി അഞ്ചോളം കുടുംബങ്ങള്‍ക്കു കുടിവെള്ളം ലഭിക്കും. അതേസമയം, ഇതിലെ ജലലഭ്യതയെകുറിച്ച് തുടര്‍ദിവസങ്ങളില്‍ മാത്രമെ വ്യക്തത വരുത്താനാകൂവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവിടെയുള്ള പൊതുകിണര്‍ ഡിസംബര്‍ മാസത്തോടെ വറ്റുന്നതു മൂലം നിവാസികള്‍ ഏറെ ദുരിതമനുഭവിച്ചിരുന്നു. ഈ കോളനിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക എത്രയും പെട്ടെന്നു വിനിയോഗിക്കാനായാല്‍ ഇവരുടെ പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകും.
സമീപ പ്രദേശങ്ങളായ ഇടിച്ചൂടി, നീലായി, വാഴപ്പന്തല്‍ തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ കൗണ്‍സലര്‍ നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ അതും യാഥാര്‍ഥ്യമാകുമെന്നാണു പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."