വറ്റാത്ത ഉറവയ്ക്കായ്: ജലസമൃദ്ധി കലാജാഥ പര്യടനം തുടരുന്നു
കാട്ടാക്കട: നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടത്തുന്ന ജലസമൃദ്ധി കലാജാഥ വിളപ്പില്‍ പഞ്ചായത്തിലെ പേയാട്, കൊല്ലക്കോണം, വിളപ്പില്‍ശാല, നെടുക്കുഴി, പുളിയറക്കോണം എന്നീ കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു. കലാകാരന്‍മാരോടൊപ്പം ചുവടുകള്‍വെച്ചും ആടിയും പാടിയും ആബാലവൃദ്ധം ജനങ്ങളും കലാജാഥയെ നെഞ്ചേറ്റുന്ന കാഴ്ചയാണ് ഓരോ കേന്ദ്രത്തിലും കാണപ്പെടുന്നത്.
ജലസംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിന്റെ മുമ്പില്‍ എത്തിച്ച് വേനല്‍ മഴയിലെയും തുടര്‍ന്ന് വരുന്ന കാലവര്‍ഷത്തിലെയും മഴവെള്ളം പരമാവധി ശേഖരിച്ച് ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിന് പൊതുസമൂഹത്തിന്റെ പിന്തുണതേടിയാണ് മന്ത്രങ്ങളില്ലാതെ മനസുണര്‍ത്തുന്നവര്‍ എന്ന കലാജാഥപര്യടനം നടത്തുന്നത്. കലാജാഥയുടെ ആദ്യപാദത്തില്‍ ജലലഭ്യതയില്‍ വന്ന കുറവും ശരിയായ ജലസംരക്ഷണം ഇല്ലാത്തതുകൊണ്ട് നാം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വിശദമാക്കുന്ന ദൃശ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
തുടര്‍ന്ന് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ജലസമൃദ്ധി പദ്ധതിയില്‍ ഏറ്റെടുക്കുവാന്‍ കഴിയുന്ന വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ഓരോ തുള്ളി ജലവും സംരക്ഷിക്കുവാന്‍ എല്ലാവരും മുന്നോട്ട് വരണം എന്ന ആഹ്വാനത്തോടെയാണ് 40 മിനിട്ട് ദൈര്‍ഘ്യമുള്ള കലാജാഥ അവസാനിക്കുന്നത്.
മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ പ്രയാണം ആരംഭിച്ച ജലസമൃദ്ധി കലാജാഥ 10ന് പള്ളിച്ചല്‍, 11ന് മാറനല്ലൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി മെയ് 12ന് കാട്ടാക്കട പഞ്ചായത്തില്‍ സമാപിക്കും.സി.വി ഉണ്ണികൃഷ്ണന്‍ രചനയും നേമം ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ.ഡി സുരേഷ് സംവിധാനം നിര്‍വഹിച്ച കലാജാഥയില്‍ ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നുള്ള അമൃത, കരിഷ്മ, സിദ്ധുമോഹന്‍, ശ്രീരാം, അഭിലാഷ്, അനന്തകൃഷ്ണന്‍, ശ്രീദേവി, ധനേഷ് എന്നിവരാണ് അഭിനയിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും കലാജാഥയ്ക്ക് ലഭിക്കുന്ന വരവേല്‍പ്പ് സന്തോഷം പകരുന്നതാണെന്ന് കലാകാരന്മാര്‍ അഭിപ്രായപ്പെട്ടു.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന കലാജാഥ നാടിന് പുതിയ അനുഭവമായി മാറിക്കഴിഞ്ഞു. കലാജാഥയുടെ ഭാഗമായി എല്ലാകേന്ദ്രങ്ങളിലും ജലസംരക്ഷണ പ്രതിജ്ഞയും എടുക്കുന്നുണ്ട്. ഉറകള്‍ വറ്റാത്ത നാടൊരുക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് മന്ത്രങ്ങളില്ലാത്ത മനസുണര്‍ത്തുന്നവരുടെ പ്രയാണം. ത്രിതല പഞ്ചായത്തുകള്‍, വിവിധവകുപ്പുകള്‍, തൊഴിലുറപ്പുതൊഴിലാളികള്‍, കുടുംബശ്രീ, ജലമിത്രങ്ങള്‍ എന്നിവര്‍ കലാജാഥയ്ക്ക് നേതൃത്വം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."