തുറന്ന ജയിലിലെ മിനറല്‍ വാട്ടര്‍ പദ്ധതി പൊളിച്ചടുക്കി
കാട്ടാക്കട: തുറന്ന ജയിലില്‍ നിന്ന് വിപ്ലവത്തിന് തുടക്കമായേക്കാവുന്ന പദ്ധതികള്‍ ഒന്നൊന്നായി പൊളിച്ചടുക്കുകയാണ്. ജയില്‍ ഡി.ജി.പി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബ് താല്‍പ്പര്യമെടുത്ത് തുടങ്ങിയ പദ്ധതികളാണ് ഇല്ലാതെയിക്കൊണ്ടിരിക്കുന്നത്. ജയിലില്‍ നിന്ന് വരുമാനമുണ്ടാക്കിക്കൊണ്ടിരുന്ന ചപ്പാത്തി നിര്‍മാണമാണ് ആദ്യംനിര്‍ത്തലാക്കിയത്.
ഇപ്പോള്‍ സെന്‍ട്രല്‍ജയിലില്‍ നിന്ന് വിതരണം ചെയ്യുന്ന മിനറല്‍ വാട്ടര്‍ വാങ്ങുന്നത് സ്വകാര്യ സംരംഭങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ മിനറല്‍ വാട്ടര്‍ നല്‍കുന്നത് പത്തു രൂപയ്ക്കാണ്. ഇത് സ്വകാര്യ സംരംഭങ്ങളില്‍ നിന്നും ജയില്‍ അധിക്യതര്‍ വാങ്ങുന്നത് 8 രൂപയ്ക്കും. എന്നാല്‍ തുറന്നജയിലില്‍ നിന്നും കേവലം 3 രൂപയ്ക്ക് നിര്‍മിക്കാന്‍ കഴിയുന്ന വെള്ളമാണ് ചിലരുടെ താല്‍പര്യത്താല്‍ ഇല്ലാതെയായത്. ഇത് 5 രൂപയ്ക്ക് വില്‍പ്പന നടത്താനും കഴിയുമായിരുന്നു.
പൊതു മാര്‍ക്കറ്റില്‍ 20 രൂപയുള്ള മിനറല്‍ വാട്ടറിന് ശക്തമായ തിരിച്ചടിയോടെ വെറും അഞ്ചു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വില്‍പ്പന നടത്താനുള്ള നീക്കമാണ് ഇതോടെ നിലച്ചത്. നെയ്യാറിലെ ജലം തടയണ വച്ച് ശേഖരിച്ച് അത് കുറഞ്ഞ വിലയ്ക്ക് നാട്ടുകാരില്‍ എത്തിക്കാനുള്ള പദ്ധതിയായിരുന്നു ഇത്.
തുറന്നജയിലില്‍ ഇതിനായി പുതിയ പ്ലാന്റ് സ്ഥാപിക്കാനായി സാധനങ്ങള്‍ ജയിലില്‍ എത്തിച്ചിരുന്നു. നെയ്യാര്‍ വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന ജയില്‍ ഭൂമിയില്‍ ജലസമ്പത്ത് ഏറെയാണ്. അതിനാല്‍ ഇവിടെ രണ്ടു ഡാമുകള്‍ നിര്‍മിച്ചു കഴിഞ്ഞു. ഈ ചെറുഡാമില്‍ നിന്നാണ് വെള്ളം എടുത്ത് മിനറല്‍ വാട്ടര്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. പ്ലാസ്റ്റിക് കുപ്പിയില്‍ ശീതീകരിച്ച് നല്‍കുന്ന മിനറല്‍ വാട്ടറിന് അഞ്ചുരൂപ നല്‍കിയാല്‍ മതി.
പൂര്‍ണമായും അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തില്‍ നിര്‍മിക്കുന്ന വെള്ള പദ്ധതി ആദ്യപടിയായി ജില്ലയില്‍ ആകമാനം എത്തിക്കാനുള്ള ശ്രമമാണ് തകര്‍ന്നത്.
ആദ്യം നിര്‍ത്തലാക്കിയ ചപ്പാത്തി നിര്‍മ്മാണ പ്ലാന്റ്‌വഴി ദിവസവും 50000 ലേറെ ചപ്പാത്തി നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നു. തലസ്ഥാനത്തു മാത്രം കിട്ടുന്ന ചപ്പാത്തിയും കോഴിക്കറിയും മലയോര ഗ്രാമങ്ങളില്‍ കൂടി എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.
30 രൂപയ്ക്ക് ചപ്പാത്തിയും കോഴിക്കറിയും 25 രൂപയ്ക്ക് വെജിറ്റബിള്‍ കറിയും കിട്ടുന്ന പദ്ധതി കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആര്യനാട്, പനച്ചമൂട് എന്നിവിടങ്ങളില്‍ കൂടി ലഭ്യമാക്കിയിരുന്നു. അന്നത്തെ ജയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. നല്ല രീതിയില്‍ മുന്നോട്ടുപോയിരുന്ന നിര്‍മാണ യൂണിറ്റ് അടച്ചുപൂട്ടിയത് നഷ്ടം കൊണ്ടല്ല എന്ന് കണക്കുകള്‍ പറയും.
ഇവിടെ ഹോളാബിക്‌സ് നിര്‍മാണ പദ്ധതിയും തുടങ്ങാനിരുന്നതാണ്. ഇതിന് ജയില്‍ വകുപ്പ് ജയില്‍ പുള്ളികള്‍ക്ക് പരിശീലനവും നല്‍കി. എന്നാല്‍ അതും നടന്നില്ല. ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥലോബികളാണ് ഇതിന് പാര വച്ചതെന്ന് അണിയറയില്‍ സംസാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."