സര്‍ക്കാര്‍ ഓഫിസുകളിലെ സേവനം അവകാശം: സെമിനാര്‍
സാങ്കേതികോപദേശത്തിന് കൃഷിഭവന്‍ സന്ദര്‍ശിക്കുന്ന കര്‍ഷകര്‍ക്കു രണ്ടു മണിക്കൂറിനുള്ളില്‍ സേവനം ലഭ്യമാക്കണം
കാസര്‍കോട്: സര്‍ക്കാര്‍ ഓഫിസുകളിലെ സേവനം അവകാശമാണെന്നും സേവനാവകാശ നിയമം 2012 പ്രകാരം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു ലഭിക്കുന്ന സേവനങ്ങളും നടപടി ക്രമങ്ങളും പാലിക്കാന്‍ ഓരോ സര്‍ക്കാര്‍ ജീവനക്കാരനും ബാധ്യസ്ഥമാണെന്നും ഓര്‍മപ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായി കലക്ടറേറ്റില്‍ സേവനാവകാശ സെമിനാര്‍ നടത്തി. സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ എ ഷിജു(തലശ്ശേരി) ക്ലാസ്സെടുത്തു. സാങ്കേതികോപദേശത്തിന് കൃഷിഭവന്‍ സന്ദര്‍ശിക്കുന്ന കര്‍ഷകര്‍ക്ക് രണ്ടു മണിക്കൂറിനുളളില്‍ സേവനം ലഭ്യമാക്കണം. പുതിയ റേഷന്‍ കാര്‍ഡിനും താല്‍ക്കാലിക കാര്‍ഡിനും പുതിയ അംഗത്തെ ഉള്‍പ്പെടുത്തുന്നതിനും സിവില്‍ സപ്ലൈസ് വകുപ്പിനുള്ള അപേക്ഷകളില്‍ അതേ ദിവസം തീരുമാനമെടുക്കണമെന്നും ഷിജു വ്യക്തമാക്കി.
അപേക്ഷകളോടൊപ്പം ഹാജരാക്കേണ്ട രേഖകളില്ലാത്ത കാരണത്താല്‍ ഒരു അപേക്ഷയും നിരസിക്കരുതെന്നും അപേക്ഷ സ്വീകരിച്ചു നല്‍കുന്ന രസീതിയില്‍ ആവശ്യമായ രേഖകളുടെ വിവരങ്ങള്‍ വ്യക്തമാക്കണമെന്നും നിയമം വ്യക്തമാക്കുന്നു. നിരസിക്കുന്നുവെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ ബോധ്യപ്പെടുത്തുന്ന രേഖാമൂലമുള്ള മറുപടി അപേക്ഷകനു നല്‍കണം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ എഡി.എം കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍ അധ്യക്ഷനായി. അസി. എഡിറ്റര്‍ എം മധുസൂദനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."