സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കയറിക്കൂടാന്‍ ഇടി തുടങ്ങി
ആലപ്പുഴ: ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജും സംഘവും പടിയിറങ്ങിയതോടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണ സമിതിയില്‍ കയറി പറ്റാന്‍ ഇടിതുടങ്ങി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്റ് ടി.പി ദാസനെയോ മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയോ എത്താനാണ് സാധ്യത.
സ്‌പോര്‍ട്‌സ് ലോട്ടറി ക്രമക്കേട് വിവാദം ടി.പി ദാസന് എതിരായതോടെ അധ്യക്ഷ സ്ഥാനത്തേക്ക് വി ശിവന്‍കുട്ടിയുടെ സാധ്യത ഏറിയിട്ടുണ്ട്. എന്നാല്‍, കൗണ്‍സില്‍ അംഗങ്ങളാവാനാണ് കായിക രംഗവുമായി ഒരു ബന്ധവുമില്ലാത്ത ഇടനിലക്കാരായ ചിലര്‍ സി.പി.എമ്മിനെ മുന്‍നിര്‍ത്തി ചരടുവലി തുടങ്ങിയത്.
മൂന്നാര്‍ ടാറ്റ ടീയില്‍ സ്‌പോര്‍ട്‌സ് ഓഫിസര്‍ ആയിരിക്കേ ക്രമക്കേടിന്റെ പേരില്‍ പുറത്താക്കപ്പെട്ട തിരുവനന്തപുരം കുര്യാത്തി സ്വദേശി, പൈക്ക കോ ഓര്‍ഡിനേറ്ററായിരിക്കേ കേന്ദ്ര ഫണ്ട് നഷ്്ടപ്പെടുത്തിയതിന് പുറത്താക്കപ്പെട്ട പാലക്കാട് സ്വദേശി എന്നിവരാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പുതിയ ഭരണ സമിതിയില്‍ കയറിക്കൂടാന്‍ ചരടുവലികള്‍ തുടങ്ങിയത്.
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നോമിനിയായി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കയറിക്കൂടാനാണ് ടാറ്റായില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയുടെ ശ്രമം. പാലക്കാട് സ്വദേശിയാവട്ടെ സി.പി.എം ഉന്നത നേതാക്കളുടെ ശുപാര്‍ശയുമായാണ് രംഗത്തിറങ്ങിയിട്ടുള്ളത്.
ഇതിനു പുറമേ കായിക രംഗവുമായി ഒരു ബന്ധവുമില്ലാത്ത നിരവധി പേര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹിത്വം ലക്ഷ്യമിട്ടു തലസ്ഥാനത്ത് തമ്പടിച്ചു കരുക്കള്‍ നീക്കുന്നുണ്ട്. കൗണ്‍സില്‍ ഭരണസമിതിയില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്ന തിരുവനന്തപുരം കുര്യാത്തി സ്വദേശി നിരവധി തട്ടിപ്പുകളുടെ പേരില്‍ ആരോപണം നേരിടുന്ന വ്യക്തിയാണ്.
കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ജോലി രാജിവെച്ചാണ് ഉന്നത ശുപാര്‍ശയില്‍ മൂന്നാറിലെ ടാറ്റ ടീയില്‍ ഇദ്ദേഹം സ്‌പോര്‍ട്‌സ് ഓഫിസര്‍ ആയത്. ടാറ്റ ടീ ഫുട്‌ബോള്‍ ടീമിന്റെ മാനേജരായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ കമ്പനി പിരിച്ചു വിടുകയായിരുന്നു.
15 വര്‍ഷത്തോളം ടാറ്റയില്‍ ജോലി ചെയ്ത ഇദ്ദേഹം ഉന്നത സ്വാധീനം ഉപയോഗിച്ച് പിന്നീട് കെ.എസ്.ആര്‍.ടി.സിയില്‍ തിരികെ ജോലിയില്‍ പ്രവേശിച്ച് വന്‍തുക പെന്‍ഷന്‍ ഉള്‍പ്പടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി.
യഥാസമയം കണക്കുകള്‍ നല്‍കാതെ കേന്ദ്ര ഫണ്ട് കേരളത്തിന് നഷ്്ടപ്പെടുത്തിയ മുന്‍ പൈക്ക കോ ഓര്‍ഡിനേറ്റര്‍ക്കു വേണ്ടിയും സി.പി.എമ്മിലെ ഉന്നതരാണ് രംഗത്തുള്ളത്. ഒന്നര കോടിയിലേറെ രൂപയുടെ കേന്ദ്ര ഫണ്ടാണ് ഇദ്ദേഹം കോ ഓര്‍ഡിനേറ്റര്‍ ആയിരിക്കേ കേരളത്തിന് നഷ്്ടമായത്.
ഇതിന്റെ പേരില്‍ അന്നത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജോലിയില്‍ നിന്നും ഇദ്ദേഹത്തെ പിരിച്ചു വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."