നെല്‍വയല്‍ നികത്തുന്നത് തുടരുന്നു
എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നത് തുടരുന്നു. കണ്മുന്നില് നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തിക്കെതിരെ നടപടിയെടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. എരുമപ്പെട്ടി പഞ്ചായത്തിലെ മങ്ങാട് തോട്ടുപാലം, കുണ്ടന്നൂര്‍ കാഞ്ഞിരക്കോട് , ഒന്നാംകല്ല് തുടങ്ങിയ പ്രദേശങ്ങളിലാണ് നെല്‍വയലുകള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നത്.
ഇത്തരത്തില്‍ നികത്തുന്ന വയലുകള്‍ കമ്പിവേലി കെട്ടി പ്ലോട്ടുകളാക്കി മാറ്റി വന്‍ വിലയ്ക്ക് വില്പന നടത്തുകയാണ്. ബന്ധപ്പെട്ട വില്ലേജ്, കൃഷിവകുപ്പ് അധികാരികളും പഞ്ചായത്ത് ഭരണസമിതിയും നടപടി സ്വീകരിക്കാതെ ഭൂമാഫിയ സംഘങ്ങളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്ന് ആരോപണമുയര്‍ന്നിരിക്കുകയാണ്. പ്രതിഷേധമുയര്‍ത്തുന്ന സംഘടനകള്‍ പിന്നീട് നിശബ്ദമാകുകയാണെന്നും ആക്ഷേപമുണ്ട്.
മണ്ണ് ഭൂമാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. മങ്ങാട് തോട്ടുപാലത്ത് നികത്തിയ നെല്‍വയലില്‍ ബി.ജെ.പി കൊടി നാട്ടി പ്രതിഷേധിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്കുമാര്‍, ഗ്രാമപഞ്ചായത്ത് ബി.ജെ.പി അംഗം സുരേഷ് നാലുപുരയ്ക്കല്‍, കെ.ജി അനൂപ്, പ്രവീണ്‍ ചിറ്റണ്ട നേതൃത്വം നല്കി. ഭൂമാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും ബി.ജെ.പി തീരുമാനിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന ഭരണാധികാരികള്‍ക്കെതിരെ ബഹുജന പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."