കൊളംബിയയുടെ ചിറകരിഞ്ഞ് ചിലി
ചിക്കാഗോ: കോപ്പ അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അര്‍ജന്റീന-ചിലി ഫൈനല്‍. രണ്ടാം സെമി ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്താണ് ചിലി തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ കടക്കുന്നത്. ആദ്യ 15 മിനുട്ടിനുള്ളിലാണ് രണ്ടു ഗോളുകളും പിറന്നത്. ചാള്‍സ് അരാണ്‍ഗ്വിസ്, ഫ്യൂന്‍സാലിഡ എന്നിവരാണ് ചിലിക്ക് വേണ്ടി ഗോള്‍ നേടിയത്. പകുതിക്ക് സമയത്ത് മഴ കളി മുടക്കിയതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചിരുന്നു. 57ാം മിനുട്ടില്‍ കാര്‍ലോസ് സാഞ്ചസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തു പോയതോടെ പത്തു പേരായി ചുരുങ്ങിയതും കൊളംബിയക്ക് തിരിച്ചടിയായി.
മെക്‌സിക്കോയ്‌ക്കെതിരേ വമ്പന്‍ ജയം സ്വന്തമാക്കിയ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ചിലി കോച്ച് ജുവാന്‍ അന്റോണിയോ പിസ്സി ടീമിനെ കളത്തിലിറക്കിയത്. സസ്‌പെന്‍ഷനെ തുടര്‍ന്ന് ആര്‍തുറോ വിദാലും പരുക്കിന്റെ പിടിയിലുള്ള മാഴ്‌സലോ ഡയസും പുറത്തിരുന്നപ്പോള്‍ പാബ്ലോ ഹെര്‍ണാണ്ടസ്, ഫ്രാന്‍സിസ്‌കോ സില്‍വ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. എഡ്‌സന്‍ പുച്ചിന് പകരം ഫ്യൂന്‍സാലിഡയെയും കോച്ച് ടീമിലുള്‍പ്പെടുത്തി. കൊളംബിയന്‍ കോച്ച് ജോസ് പെക്കര്‍മാനും ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. പരുക്കേറ്റ കാര്‍ലോസ് ബക്കയ്ക്കും ഫരീദ് ഡയസിനും പകരം റോജര്‍ മാര്‍ട്ടിനസ്, ഫ്രാങ്ക് ഫാബ്‌റയും ടീമിലിടം പിടിച്ചു. എന്നാല്‍ ടൂര്‍ണമെന്റിലുടനീളം പ്രകടിപ്പിച്ച മികവ് കൊളംബിയക്ക് പുറത്തെടുക്കാനായില്ല.
ചിലിയാണ് ആക്രമണം തുടങ്ങിയത്. വേഗമേറിയ നീക്കങ്ങള്‍ കൊളംബിയയെ അതിവേഗം തളര്‍ത്തി. ഏഴാം മിനുട്ടില്‍ ഫ്യൂന്‍സാലിഡയുടെ ക്രോസില്‍ ക്വഡ്രാഡോ ഹെഡ്ഡറിലൂടെ പ്രതിരോധിച്ചെങ്കിലും പന്ത് ലഭിച്ചത് അരാണ്‍ഗ്വിസിന്. താരം മികച്ച ഷോട്ടിലൂടെ ചിലിയുടെ അക്കൗണ്ട് തുറക്കുകയായിരുന്നു. നാലു മിനുട്ടുകള്‍ക്ക് ശേഷം ചിലി ലീഡ് ഉയര്‍ത്തി. ഗോളി ക്ലൗഡിയോ ബ്രാവോയുടെ ലോങ് ബോള്‍ ഷോട്ടിലൂടെ ലഭിച്ച പന്തുമായി മുന്നേറിയ അലക്‌സിസ് സാഞ്ചസ് ബോക്‌സിനടുത്ത് വച്ച് ഫ്യൂന്‍സാലിഡയ്ക്ക് പന്ത് കൈമാറി. താരം മികച്ചൊരു ഷോട്ടിലൂടെ ഗോള്‍ നേടുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ സാഞ്ചസിന്റെ തകര്‍പ്പനൊരു ഷോട്ട് ഓസ്പിന രക്ഷപ്പെടുത്തി. പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിയ കൊളംബിയ ജെയിംസ് റോഡ്രിഗസിലൂടെയാണ് മുന്നേറ്റം നടത്തിയത്. റോഡ്രിഗസ് നല്‍കിയ പാസുമായി മുന്നേറിയ റോജര്‍ മാര്‍ട്ടിനസ് ഷോട്ടുതിര്‍ത്തെങ്കിലും ചിലി ഗോളി ബ്രാവോയെ മറികടക്കാന്‍ സാധിച്ചില്ല. സാന്റിയാഗോ അരിയാസിന്റെ ഷോട്ടും തൊട്ടുപിന്നാലെ ബ്രാവോ സേവ് ചെയ്തു.
പകുതി സമയത്തിന് കളി പിരിഞ്ഞപ്പോഴാണ് കാറ്റിന്റെയും മഴയുടെയും മിന്നലിന്റെയും രൂപത്തില്‍ കാലാവസ്ഥ പ്രതികൂലമായി എത്തിയത്. രണ്ട് മണിക്കൂറിന് ശേഷമാണ് കളി പുനരാരംഭിച്ചത്. ഇടവേളയ്ക്ക് ശേഷം കളി ആരംഭിച്ചപ്പോള്‍ കൊളംബിയ നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്രാവോയുടെ സേവുകള്‍ അവരെ ഗോളില്‍ നിന്നകറ്റി. ഇതിനിടെ അരാണ്‍ഗ്വിസിനെ വീഴ്ത്തിയതിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ച സാഞ്ചസ് പുറത്തുപോയതോടെ പത്തു പേരായി കൊളംബിയ ചുരുങ്ങി. ഇത് അവരുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.
കോപ്പയില്‍ ഒരിക്കല്‍ മാത്രം കിരീടം ചൂടിയ ചിലിയുടെ അഞ്ചാം ഫൈനലാണിത്. അര്‍ജന്റീനയുമായി കലാശപ്പോരാട്ടത്തില്‍ കൊമ്പു കോര്‍ക്കുന്നതാവട്ടെ രണ്ടാം തവണയും. 1955ല്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീനയ്ക്കായിരുന്നു ജയം. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ചിലി അതിന് മറുപടി നല്‍കി. ഇക്കുറി ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളിന് ചാംപ്യന്മാരെ വീഴ്ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."