ചോര്‍ച്ച മാറാതെ കൂമ്പന്‍പാറ തടയണ
പാലക്കാട്: ചിറ്റൂര്‍ പുഴക്ക് കുറുകെ മന്തക്കാട് കൂമ്പന്‍പാറയില്‍ നിര്‍മിച്ച തടയണ ഇപ്പോഴും ചോരുന്നു. ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലും പൊല്‍പ്പുളളി, നല്ലേപ്പുളളി ഗ്രാമപഞ്ചായത്തുകളിലും കുടിവെളള വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ചിറ്റൂര്‍ പുഴക്ക് കുറുകെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷട്ടര്‍ നിര്‍മാണത്തിനായി ഉപയോഗിച്ചത് മരമാണ്.
12 ഷട്ടറുകള്‍ ആണ് ഉളളത്. അതില്‍ എട്ട്എണ്ണത്തിനാണ് ചോര്‍ച്ച സംഭവിച്ചിരിക്കുന്നത്. തടയണയുടെ ഷട്ടര്‍ നിര്‍മാണത്തിനായി നഗരസഭ ജല അതോറിറ്റിക്ക് 7.6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കേണ്ട തടയണ നിര്‍മാണം മുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ചെളി കെട്ടികിടക്കുകയാണ്. ശുദ്ധമായ കുടിവെളളം ജനങ്ങള്‍ക്ക് ലഭ്യമല്ല.
ഇത്രയൊക്കെയായിട്ടും ജല അതോറിറ്റി വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. വേനല്‍കാലത്ത് മഴ വേണ്ടുവോളം ലഭിച്ചിട്ടും അത് സംഭരിച്ചു വയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുളളത്. പുഴയിലൂടെ വെളളം ഒഴുകി പോകുകയാണ്. ജല അതോറിറ്റിക്ക് നഗരസഭാ ഫണ്ട് നല്‍കി മാസം രണ്ടു കഴിഞ്ഞിട്ടും അടിയന്തിരമായി ഷട്ടറുകള്‍ നന്നാക്കേണ്ടുന്നതിനു പകരം മുട്ടുന്യായം പറഞ്ഞു പണി നടത്താതിരിക്കുകയാണ്.
ജല അതോറിറ്റിക്ക് ഫണ്ടില്ലാത്തതിനാല്‍ ഈ വര്‍ഷം പണി തുടങ്ങാന്‍ പറ്റില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് നഗരസഭാ ദ്രുതകാലാടിസ്ഥാനത്തില്‍ ഏഴു ലക്ഷത്തി അറുപതിനായിരം രൂപ അനുവദിച്ചതെന്നും മഴക്കാലം ആരംഭിക്കും മുന്‍പ് ഷട്ടറുകള്‍ മാറ്റിയില്ലെങ്കില്‍ വെള്ളം കൂടുതല്‍ ചോര്‍ന്നുപോകാനിടയുണ്ടെന്നും നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി പ്രീത് പറഞ്ഞു. എന്നാല്‍ ഷട്ടറുകള്‍ പണിയാന്‍ കൊടുത്തിരിക്കുകയാണെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."