പടിഞ്ഞാറന്‍ മേഖലയില്‍ മഴയുടെ മറവില്‍ പാടം നികത്തല്‍ സജീവം
ആനക്കര: മഴയുടെ മറവില്‍ പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപകമായ പാടം നികത്തല്‍. കുമരനെല്ലൂര്‍ കിഴക്കേ അമേറ്റിക്കരയില്‍ വയല്‍ നികത്തല്‍ എന്ന് പരാതി. വയല്‍ നികത്തല്‍ പരമ്പരാഗത ജല നിര്‍ഗമന മാര്‍ഗങ്ങളെ ഇല്ലാതാക്കുകയും നടവഴികള്‍ പോലും വെള്ളത്തിനടിയില്‍ ആകുമെന്നും കര്‍ഷകര്‍ പറയുന്നു. കെട്ടിട നിര്‍മാണ അവശിഷ്ടങ്ങളും വയലില്‍ തള്ളുന്നതും വയല്‍ നികത്തലിനു മുന്നോടിയായി നടത്തുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. വെളളൂര്‍ പാടത്തും വയല്‍ നികത്തുന്നതായി ആക്ഷേപമുണ്ട്.
കപ്പൂര്‍, ആനക്കര, പട്ടിത്തറ പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് നികത്തപ്പെടുന്നത്. ഇതില്‍ കരിങ്കുറപ്പാടങ്ങളും നികത്തുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയകളാണ് നികത്തലിന് പിറകില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുളുവിലക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ വാങ്ങിക്കൂട്ടിയ സ്ഥലങ്ങളാണ് മഴയുടെ മറവില്‍ അവസരം കിട്ടുമ്പോഴൊക്കെ മണ്ണിട്ട് നികത്താനും നോക്കുന്നത്. റിയല്‍എസ്റ്റേറ്റുകാരുടെ കയ്യില്‍ ഭൂമി കിട്ടിയതിനാല്‍ ഇവര്‍ കൃഷി ഇറക്കാത്തത് കാരണം പാടങ്ങളില്‍ പാഴ്പുല്ല് വളര്‍ന്നു കൊണ്ടിരിക്കുകയാണ്.
ആനക്കര മേഖലയില്‍ പുലര്‍ക്കാലങ്ങളില്‍ വ്യാപകമായി ടിപ്പറുകളില്‍ മണ്ണ് പോകുന്നുണ്ട്. ആനക്കര നീലിയാട് റോഡ് വഴിയാണ് മണ്ണ് പോകുന്നത്. ഇതിന് പൈലറ്റായി നിരവധി ചെറുപ്പക്കാര്‍ ആനക്കരയിലും പരിസര ഭാഗങ്ങളിലും കാവല്‍ നില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."