ജെ.എന്‍.യു വിദ്യാര്‍ഥിയുടെ മരണം: എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ മരണത്തില്‍ ഡല്‍ഹി പൊലിസ് എഫ്.ഐ.ആര് തയ്യാറാക്കി. പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയാണ് എഫ്.ഐ.ആര് തയ്യാറാക്കിയിരിക്കുന്നത്.
മരണം നടന്ന് നാല്പത്തിയെട്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്.ഐ.ആര് തയ്യാറാക്കാതിരുന്നത് പൊലിസിന്റെ വീഴ്ചയാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ന് പറഞ്ഞിരുന്നു. എഫ്.ഐ.ആര് ഉടന്‍ തയ്യാറാക്കണമെന്ന് അവര്‍ പൊലിസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഒന്നാം വര്‍ഷ എം.ഫില്‍ വിദ്യാര്‍ഥിയും തമിഴ്നാട് സ്വദേശിയുമായ രജിനി കൃഷ് എന്ന മുത്തു കൃഷ്ണനെ സുഹൃത്തിന്റെ കാമ്പസിന് പുറത്തുള്ള താമസ സ്ഥലത്ത് തിങ്കളാഴ്ചയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ വിരുദ്ധ നിയമ പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷമായിരിക്കണം പോസ്റ്റ്മോര്‍ട്ടമെന്നും കൊലപാതകത്തിന് കേസെടുക്കണമെന്നും മുത്തുകൃഷ്ണന്റെ പിതാവ് ജീവാനന്ദം ആവശ്യപ്പെട്ടിരുന്നു. അക്കാദമിക രംഗത്തെ ജാതി വിവേചനമാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരവും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."