ലോകം മൊത്തം വികസിക്കുന്നു, നമ്മളെന്തിനാണ് ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടു വരുന്നത്? കെജ്രിവാളിനെ എതിര്‍ത്ത് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: അണ്ണാ ഹസാരെ എവിടെയെന്നു ചോദിച്ചരുണ്ട്, പശു, ദലിത് പോലുള്ള വിഷയങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്ത്. ഡല്‍ഹിയില്‍ നിന്ന് അഴിമതിയെയും ദുര്‍ഭരണത്തെയും തുടച്ചുമാറ്റാനെന്ന പേരില്‍ സമരം ആരംഭിച്ച അണ്ണാ ഹസാരെ മുഖേന അരവിന്ദ് കെജ്രിവാളും എ.എ.പിയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടന്നുവന്നു. പക്ഷെ, പിന്നീട് അണ്ണാ ഹസാരയെ എവിടെയും കണ്ടില്ല, ഇടപെടലും ഉണ്ടായില്ല.
മെഷീനില്‍ വോട്ടെടുപ്പിനെപ്പറ്റിയും വോട്ട് അട്ടിമറി ആരോപണവും ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് അണ്ണാ ഹസാരെ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് വേണ്ടെന്നും ബാലറ്റ് പേപ്പര്‍ മതിയെന്നുമുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭിപ്രായത്തെ എതിര്‍ത്തുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ലോകം മുഴുവന്‍ വികസിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് നമ്മളെന്തിനാണ് ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരുന്നതെന്നാണ് അണ്ണാ ഹസാരെ ചോദിക്കുന്നത്.
ടൈംസ് നൗവിന് അനുവദിച്ച അഭിമുഖത്തിലാണ് അണ്ണാ ഹസാരെയുടെ അഭിപ്രായ പ്രകടനം. ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ചുകൊണ്ടിരിക്കുകയാണ്. ലോകം വികസിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നമ്മള് ബാലറ്റ് പേപ്പറിനെക്കുറിച്ച് സംസാരിക്കുന്നു. ഇത് തിരിച്ചുപോക്കാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.
തന്റെ വാദം ന്യായീകരിക്കാനും അണ്ണാ ഹസാരെ തയ്യാറായി. ''ഒന്നാമതായി, വോട്ടര്‍മാര്‍ ബാലറ്റ് പേപ്പറില്‍ അടയാളമിടുകയോ ചുണ്ടൊപ്പ് രേഖപ്പെടുത്തുകയോ വേണം, ഇതിനു വേണ്ടി നല്ലൊരു സമയം വേണ്ടിവരും. രണ്ടാമതായി ബാലറ്റ് പേപ്പര്‍ മടക്കുകയും പെട്ടിയില്‍ ഇടുകയും വേണം. മൂന്നാമതായി വോട്ടെണ്ണലും വളരെ ദുഷ്കരമാണ്''- ഹസാരെ പറഞ്ഞു.
വോട്ടിങ് മെഷീനില്‍ തന്നെയാണ് വോട്ടെടുപ്പ് നടത്തേണ്ടതെന്നും ഇപ്പോഴത്തെ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ മേഖലയില്‍ നിന്നും എത്ര വോട്ട് ലഭിച്ചെന്ന് മനസ്സിലാക്കാന്‍ പറ്റാത്ത രീതിയിലുള്ള മെഷീനുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1999 ലാണ് ആദ്യമായി വോട്ടിങ് മെഷീന് വരുന്നത്. 2003 ല്‍ പൂര്‍ണമായും വോട്ടെടുപ്പ് വോട്ടിങ് മെഷീനിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."