ഐല്‍.ഡി.എഫിന്റെ പ്രാദേശിക തീരുമാനം മറികടന്നു: ജോ. ആര്‍.ടി ഓഫിസ് വെള്ളരിക്കുണ്ടില്‍ തന്നെ
പരപ്പ: വെള്ളരിക്കുണ്ട് താലൂക്കിന് കീഴില്‍ പുതുതായി അനുവദിച്ച ജോ. ആര്‍.ടി ഓഫിസ് വെള്ളരിക്കുണ്ടില്‍ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയത്. തുടര്‍ നടപടികള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറോട് നിര്‍ദേശിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ ഓഫിസ് വ്യക്തമാക്കി.
ആര്‍.ടി ഓഫിസ് വെളളരിക്കുണ്ടിലും ടെസ്റ്റിങ് ഗ്രൗണ്ട് പരപ്പക്കടുത്ത പുലിയംകുളത്തും സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജോ. ആര്‍.ടി ഓഫിസിനായി പരപ്പ, വെള്ളരിക്കുണ്ട് പ്രദേശങ്ങള്‍ അവകാശവാദമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രിയുടെ ഓഫിസ് കലക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍, ആര്‍.ടി.ഒ, ജോ. ആര്‍.ടി.ഒ തുടങ്ങിയവര്‍ ഇരു സ്ഥലങ്ങളും സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ട്ട് കലക്ടര്‍ മന്ത്രിയുടെ ഓഫിസിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. അതേസമയം ഓഫിസ് പരപ്പയില്‍ സ്ഥാപിക്കണമെന്ന എല്‍.ഡി.എഫ് തീരുമാനമാണ് ഇതിലൂടെ ഗതാഗത വകുപ്പ് മന്ത്രി അട്ടിമറിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനം എല്‍.ഡി.എഫിന്റെ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സര്‍ക്കാരിനെയും ഗതാഗതവകുപ്പ് മന്ത്രിയെയും സ്ഥലം എം.എല്‍.എ കൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെയും അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഭരണമുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മിന് പരപ്പയോടും സി.പി.ഐക്ക് വെള്ളരിക്കുണ്ടിനോടുമായിരുന്നു താല്‍പര്യം. സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് സി.പി.ഐ എല്‍.ഡി.എഫ് തീരുമാനത്തിനു വഴങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."