ജനകീയ കൂട്ടായ്മയില്‍: കല്‍പ്പറ്റയെ മാലിന്യമുക്തമാക്കും
കല്‍പ്പറ്റ: കല്‍പ്പറ്റയെ മാലിന്യ മുക്ത നഗരമാക്കുന്നതിന് കര്‍മപദ്ധതി.
നഗരസഭ രൂപം നല്‍കിയ ഹരിത കര്‍മസേന അംഗങ്ങള്‍ ഇനി മാലിന്യം വീടുകളിലെത്തി ശേഖരിക്കും. മാലിന്യവിമുക്ത സന്ദേശം നല്‍കുന്നതിന് ഈമാസം 15ന് കല്‍പ്പറ്റയില്‍ സാംസ്‌കാരിക ഘോഷയാത്ര നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, വൈസ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസംചേര്‍ന്ന രാഷ്ട്രീയ, വ്യാപാര, വാണിജ്യ, റസിഡന്‍ഷ്യല്‍ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കല്‍പ്പറ്റയെ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഇതുപ്രകാരം പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയും. കല്‍പ്പറ്റയിലെ കൈനാട്ടി ജങ്ഷന്‍ മുതല്‍ കലക്ടറുടെ ബംഗ്ലാവ് വരെയുള്ള പ്രദേശവും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പോക്കറ്റ് റോഡുകളും ഉള്‍പ്പെടുന്ന പ്രദേശം ആദ്യഘട്ടത്തില്‍ സീറോ വേസ്റ്റ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തും. ഇവിടങ്ങളിലെ ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സബ്‌സിഡി നല്‍കി വീടുകളില്‍ വെക്കാനുള്ള വേസ്റ്റ്ബിന്‍ നല്‍കും.
നഗരസഭ നല്‍കുന്ന ഫോറത്തില്‍ അപേക്ഷ നല്‍കുന്നവരുടെ വേസ്റ്റ് യൂസര്‍ഫീസ് ഈടാക്കി ഹരിത കര്‍മസേന ശേഖരിക്കും. 37പേരുള്ള കര്‍മസേനയാണ് ഇതിനായി രൂപീകരിച്ചിട്ടുള്ളത്. ഇവരുടെ പാസിങ് ഔട്ട് പരേഡ് 15ന് പകല്‍ പത്തിന് നടക്കും. ഇവര്‍ക്കായി രണ്ട് പുതിയ വാഹനങ്ങളും വാങ്ങിയിട്ടുണ്ട്. പാസിങ് ഔട്ട് പരേഡിന്റെ ഭാഗമായി സീറോവേസ്റ്റ് മാനേജ്‌മെന്റ്-മഴക്കാല പൂര്‍വ ശുചീകരണം എന്നീ വിഷയത്തെ അധികരിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും ഹരിതസേന കര്‍മസേന പ്രഖ്യാപനവും 15ന് പകല്‍ 11ന് ജിനചന്ദ്രമെമ്മോറിയല്‍ ഹാളില്‍ നടക്കും.
മാലിന്യ നിര്‍മാര്‍ജന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പത്ത് മുതല്‍ 15വരെ വിവിധതരത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. രാത്രികാലങ്ങളിലും മറ്റും രഹസ്യമായി മാലിന്യം പൊതുഇടങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരേ ജാഗ്രത പാലിക്കും. ജീവനക്കാരെ ചുമതലപ്പെടുത്തുന്നതിന് പുറമെ മൊബൈല്‍ സി.സി.ടിവിയും ഏര്‍പ്പെടുത്തും. ഏതാനും ആഴ്ചകളായി മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഈ കാലയളവില്‍ രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ നഗരസഭയില്‍ പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കുടുംബശ്രീയെ ഉപയോഗിച്ച് 'സ്വാപ് ഷോപ്പുകള്‍' ആരംഭിക്കും. ഇവിടം ശേഖരിക്കുന്ന തുണിത്തരങ്ങള്‍ ഉപയോഗിച്ച് തുണി സഞ്ചികള്‍ നിര്‍മിച്ച് നല്‍കും.
ടൗണിലുള്ള മുഴുവന്‍ അനധികൃത പരസ്യ ബോര്‍ഡുകളും എടുത്തുമാറ്റും. 15 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കം സ്ഥാപിക്കുന്ന പരസ്യ പ്രചാരണബോര്‍ഡുകളും 6-4 അടിയില്‍ അധികരിക്കാന്‍ പാടില്ല. പരിപാടികളുടെ പത്ത്ദിവസം മുമ്പ് മാത്രമെ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടുള്ളു.
പ്രോഗ്രാമിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ബോര്‍ഡുകള്‍ നഗരസഭ നീക്കം ചെയ്യുകയും അതിന്റെ ചെലവ് അതത് കക്ഷികളില്‍ നിന്നും ഈടാക്കുകയും ചെയ്യും.
നഗരത്തില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം നിരുത്സാഹപ്പെടുത്തുന്നതിന് വിവിധ പദ്ധതിനടപ്പാക്കും. ഇതിന്റെ ഭാഗമായി നഗരത്തിലെ നാല് കേന്ദ്രങ്ങളില്‍ നഗരസഭ 'തണ്ണീര്‍പന്തല്‍' സ്ഥാപിക്കും. യാത്രക്കാര്‍ക്കുള്‍പ്പെടെ ശുദ്ധജലം ഇതുവഴി നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാരായ കെ. അജിത, വി. ഹാരിസ്, ബിന്ദു ജോസ്, സെക്രട്ടറി കെ.ജി രവീന്ദ്രന്‍, എച്ച്.ഐ ബദറുദ്ധീന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."