ഡോക്ടര്‍മാരുടെ കുറവ്: തൊടുപുഴ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍
തൊടുപുഴ: ഡോക്ടര്‍മാരുടെ കുറവുമൂലം തൊടുപുഴയിലെ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. പ്രധാന വിഭാഗങ്ങളില്‍ പോലും ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയാണ്. കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഒരു ഫിസിഷ്യന്‍ മാത്രമാണുള്ളത്. സീനിയര്‍ ഫിസിഷ്യന്റെയും ജൂനിയര്‍ ഫിസിഷ്യന്റെയും തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. സര്‍ജന്റെ രണ്ട് പോസ്റ്റുകളും ഒഴിഞ്ഞിട്ടു മാസങ്ങളായെങ്കിലും ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടിയില്ല.
ഒന്നാം നിലയിലും രണ്ടാം നിലയിലുമുള്ള രണ്ട് ഓപറേഷന്‍ തിയറ്ററുകളും അടച്ചിരിക്കുകയാണ്. അത്യാവശ്യമായി എന്തെങ്കിലും ശസ്ത്രക്രിയ വേണ്ടി വന്നാല്‍ ഓര്‍ത്തോ തിയറ്ററിലാണ് ചെയ്യുന്നത്.
ഇ.എന്‍.ടി വിഭാഗത്തില്‍ ഡോക്ടറുണ്ടെങ്കിലും രാവിലെ മാത്രമാണുള്ളത്.ചികിത്സ തേടിയെത്തുന്നവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഇവിടെ മൂക്കിനും കണ്ണിനും പരുക്കേറ്റ് എത്തിയ രോഗിക്ക് ചികിത്സ ലഭിക്കാതെ വന്നത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. നേത്രരോഗ വിഭാഗത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഉച്ചവരെ മാത്രമാണ് ഡോക്ടറുള്ളത്. കിടത്തി ചികിത്സയും പേരിനു മാത്രമായി. നേരത്തെ ഒരു ബെഡില്‍ രണ്ട് രോഗികളെ വരെ കിടത്തി ചികിത്സിച്ചിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ പകുതി ബെഡില്‍ പോലും രോഗികളില്ല.
ഫിസിഷ്യന്റെ സേവനം ഇല്ലാത്തതിനാല്‍ കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളെയെല്ലാം ജൂനിയര്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. ലക്ഷങ്ങള്‍ മുടക്കി ഓപറേഷന്‍ തിയറ്ററും മറ്റ് സംവിധാനങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും ഇതെല്ലാം വെറുതെ കിടക്കുന്നു.
തൊടുപുഴ ജില്ലാ ആശുപത്രിക്ക് ഒരു താലൂക്ക് ആശുപത്രിയുടെ സംവിധാനങ്ങള്‍ പോലുമില്ലെന്നാണ് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായി ഇവിടെ സന്ദര്‍ശിക്കാനെത്തിയ വിദഗ്ധ സംഘം പറഞ്ഞത്.ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് ആശുപത്രിക്കു മുന്നില്‍ അധികൃതര്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
നിയമനം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ജില്ലാ ആശുപത്രിയില്‍ ഫിസിഷ്യന്റെയും സര്‍ജന്റെയും ആര്‍.എം.ഒയുടേയും ഒഴിവുകള്‍ നിലവിലുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം ആവശ്യപ്പെട്ട് നേരത്തെ തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളതാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."