അപകടമൊഴിയാതെ ഇടുക്കിയിലെ റോഡുകള്‍: രണ്ടു മാസത്തിനിടെ 202 അപകടങ്ങള്‍
തൊടുപുഴ: ഇടുക്കിയിലെ റോഡുകളില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. അപകടത്തില്‍പ്പെടുന്നവരിലേറെയും ചെറുവാഹനങ്ങളിലെ യാത്രക്കാരും ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുമാണ്. ഇന്നലെ രാവിലെ മൂവാറ്റുപുഴ റോഡില്‍ വെങ്ങല്ലൂരിന് സമീപം രണ്ട് കാറുകള്‍ കൂട്ടിയിടിച്ചു തകര്‍ന്നു.
അപകട വാര്‍ത്തകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. പൊലിസിന്റെ കണക്കുപ്രകാരം കഴിഞ്ഞ രണ്ടു മാസത്തിനിടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 202 വാഹനാപകടങ്ങളാണ്. ജനുവരിയില്‍ 105 കേസുകളും ഫെബ്രുവരിയില്‍ 97 കേസുകളും റജിസ്റ്റര്‍ ചെയ്തു. ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നതെന്നു പൊലിസ് പറഞ്ഞു.
അമിതവേഗവും അശ്രദ്ധയുമാണ് പല അപകടങ്ങള്‍ക്കും മുഖ്യകാരണം. തൊടുപുഴ-പുളിയന്‍മല, കുട്ടിക്കാനം-കട്ടപ്പന സംസ്ഥാന പാതകളില്‍ അപകടങ്ങള്‍ നിത്യസംഭവമായി മാറുകയാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിലെ റോഡുകളില്‍ അപകട സാധ്യത കൂടുതലാണെന്നതാണു വസ്തുത. കൊടുംവളവുകളും വശങ്ങളില്‍ അഗാധമായ കൊക്കകളുമുള്ള ഹൈറേഞ്ചിലെ റോഡുകളിലെ അപകടക്കെണികള്‍ തിരിച്ചറിയാതെ അപകടത്തില്‍പ്പെട്ടവരും ഏറെയുണ്ട്. വിനോദസഞ്ചാരത്തിനും മറ്റുമായി ദൂരസ്ഥലങ്ങളില്‍നിന്ന് ഇവിടെയെത്തുന്നവരാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും. സാധാരണ റോഡുകളില്‍ വാഹനമോടിച്ചു ശീലിച്ചവര്‍ക്കു ഹൈറേഞ്ചിലെ വളവും തിരിവുമുള്ള റോഡുകളില്‍ വാഹനമോടിക്കുക ശ്രമകരമായ കാര്യമാണ്.
മൂടല്‍മഞ്ഞും മഴയുമെല്ലാം ഇവിടെ ഡ്രൈവര്‍മാര്‍ക്കു മുന്നില്‍ വില്ലനാവുന്നു. റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും വേണ്ടത്ര അപകടസൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്കു പങ്കു വഹിക്കുന്നു. മദ്യപിച്ചുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടയിലെ ഉറക്കം എന്നിവയും അപകടങ്ങള്‍ക്കു വഴിതെളിച്ചിട്ടുണ്ട്. പലപ്പോഴും അപകടങ്ങള്‍ സംഭവിച്ചശേഷമാണ് അധികൃതര്‍ കണ്ണുതുറക്കുന്നത്. അപകട സാധ്യതയേറെയുള്ള ഹൈറേഞ്ചിലെ പല റോഡുകളിലും ആവശ്യത്തിനു സൂചനാ ബോര്‍ഡുകളോ സംരക്ഷണ ഭിത്തികളോ ഇനിയും സഥാപിച്ചിട്ടില്ല.
ഇരുചക്ര വാഹനങ്ങളില്‍ മാത്രമല്ല കാറുകളിലും ഡ്രൈവിങ് സീറ്റില്‍ ഇപ്പോള്‍ കുട്ടികളെ കാണാം. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനു പിടിയിലാകുന്നവരില്‍ 15-17 വയസുള്ള കൗമാരക്കാരാണ് ഏറെയുമെന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
രക്ഷിതാക്കളുടെ അനുവാദത്തോടെയാണു പല കുട്ടികളുടെയും വാഹനമോടിക്കല്‍. കഴിഞ്ഞമാസം കമ്പംമെട്ടിനു സമീപം 12 വയസുകാരനായ മകനെക്കൊണ്ടു കാര്‍ ഓടിപ്പിച്ചതിനു പിതാവിനെതിരേ പൊലിസ് കേസെടുത്തിരുന്നു.
ഗ്രാമപ്രദേശങ്ങളില്‍ മാത്രമല്ല ടൗണ്‍ മേഖലയിലും ബൈക്കുകളില്‍ ചീറിപ്പായുന്ന കുട്ടികള്‍ പതിവു കാഴ്ചയായി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ കുട്ടികളുടെ ഡ്രൈവിങ് പലപ്പോഴും മറ്റു വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു.
റോഡ് നിയമങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്ത ഇവര്‍ വാഹനമോടിച്ചു വരുത്തിവയ്ക്കുന്ന അപകടങ്ങളും ചെറുതല്ല. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് ഏതെങ്കിലും കുട്ടി പിടിയിലായാല്‍ രക്ഷിതാക്കളെ വിളിപ്പിച്ചു നിര്‍ദേശവും ബോധവല്‍ക്കരണവും നല്‍കാറുണ്ടെന്നു മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
1,500 രൂപവരെ പിഴയും ഈടാക്കാറുണ്ട്. പൊലിസിന്റെ വാഹനപരിശോധനയിലും പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ വാഹനമോടിച്ചതിനു പിടിയിലാവുന്നുണ്ട്. അമിതവേഗമാണു ജില്ലയിലെ പല അപകടങ്ങളുടെയും പ്രതിസ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."