മോഷ്ടാവ് സി.ഐയുടെ മാതാവിന്റെ ആഭരണം കവര്‍ന്നു
കോട്ടയം: അയല്‍വാസിയുടെ മകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അമ്മയുടെ സ്വര്‍ണ്ണാഭരണം കവര്‍ന്നു. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ പേരൂര്‍ കവലയ്ക്കു സമീപം സഹകരണ ബാങ്കിനു മുന്നിലായിരുന്നു സംഭവം.
പാലാ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോമി സെബാസ്റ്റ്യന്റെ അമ്മ ഏറ്റുമാനൂര്‍ പട്ടിത്താനം ളാപ്പറമ്പില് ഏലിക്കുട്ടി സെബാസ്റ്റ്യനെ(74)യാണ് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് കബളിപ്പിച്ചത്. സഹകരണ ബാങ്കിന്റെ വളംഡിപ്പോയില്‍ നിന്ന് വളം വാങ്ങാനെത്തിയതായിരുന്നു ഏലിക്കുട്ടി. പിന്നാലെ ബൈക്കിലെത്തിയ യുവാവ് താന്‍ അയല്‍വാസിയുടെ മകനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും മകളുടെ വിവാഹത്തിന് വള മേടിക്കുന്നതിന് അളവിനായി ഏലിക്കുട്ടിയുടെ വള ആവശ്യപ്പെടുകയുമായിരുന്നു. അയല്‍വാസിയുടെ പേരും വിവരങ്ങളും കൃത്യമായി പറഞ്ഞത് കേട്ട് വിശ്വസിച്ച ഏലിക്കുട്ടി തന്റെ കയ്യില്‍ കിടന്ന ഒരു വള ആദ്യം ഊരിക്കൊടുത്തു. പിന്നാലെ അടുത്ത വള കൂടി ചോദിച്ചു. ഊരാന്‍ പറ്റാതെ വന്ന വള അയാള്‍ തന്നെ ഊരിയെടുക്കുകയായിരുന്നു.
ഉടന്‍ വരാമെന്ന് പറഞ്ഞ് ബൈക്കോടിച്ചുപോയ യുവാവിനെ കുറെ കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് ഏലിക്കുട്ടിക്ക് മനസിലായത്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മോഷ്ടാവിന്റെ മുഖം തിരിച്ചറിയാനായില്ല. ഇതേതുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലിസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."