ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ കലക്ടറുടെ നിര്‍ദേശം
കോട്ടയം: വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെ ഭക്ഷണ സാധനങ്ങള്‍ക്ക് ഉയര്‍ന്ന തോതില്‍ വില ഈടാക്കുന്ന ജില്ലയിലെ ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ സി.എ ലത നിര്‍ദേശിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഭക്ഷ്യോപദേശക സമിതി യോഗത്തില്‍ വിവിധ ഉപഭോക്തൃസംഘടനാ പ്രതിനിധികള്‍ ഇത് സംബന്ധിച്ച് പരാതികള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കലക്ടറുടെ നടപടി.
ഭക്ഷണ വസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ രീതിയിലുള്ള വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കണം.
ഇതിനായി സിവില്‍ സപ്ലൈസ്, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, തദ്ദേശസ്വയംഭരണം, അളവ് തൂക്കം തുടങ്ങി ബന്ധപ്പട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണം. പരിശോധനകള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ പൊലിസ്, റവന്യൂ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പച്ചക്കറി-മത്സ്യ-മാംസ വിപണനശാലകളിലും റെയ്ഡ് നടത്തും. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇവ കൈകാര്യം ചെയ്യുന്നില്ലെന്നു ഉറപ്പു വരുത്താനാണിത്. അമിതമായ തോതില്‍ കീടനാശിനികളും രാസപദാര്‍ഥങ്ങളും അടങ്ങിയ ഭക്ഷ്യപദാര്‍ഥങ്ങള്‍ പിടിച്ചെടുക്കുകയും അത്തരം സാധനങ്ങള്‍ വില്‍പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യും. ജില്ലാതല ഭക്ഷ്യോപദേശക സമിതി അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന ആവശ്യം പരിഗണിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
പുതുതായി നിലവില്‍ വന്ന ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം 28 കി.ഗ്രാം അരിയും 7 കി.ഗ്രാം ഗോതമ്പും സൗജന്യമായി അനുവദിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും 4 കി.ഗ്രാം അരിയും 1 കി.ഗ്രാം ഗോതമ്പും ഓരോ മാസവും സൗജന്യമായി ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍പ്പെട്ടതും എന്നാല്‍ നിയമമനുസരിച്ച് മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടതുമായ കാര്‍ഡുകളിലെ ഓരോ അംഗത്തിനും 2 രൂപ നിരക്കില്‍ പ്രതിമാസം 2 കി.ഗ്രാം വീതം അരിയാണ് ലഭിക്കുക.
നോണ്‍ സബ്‌സിഡി- മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യതക്ക് അനുസരിച്ച് 8.90 രൂപ നിരക്കില്‍ അരിയും 6.70 രൂപ നിരക്കില്‍ ഗോതമ്പും വിതരണം ചെയ്യും. ജില്ലയിലെ ഉപഭോക്താക്കള്‍ക്കുള്ള റേഷന്‍കാര്‍ഡുകള്‍ അച്ചടിയിലാണെന്നും അടുത്ത മാസം അവ വിതരണത്തിന് തയാറാകുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ കെ.എം ഗിരീഷ് യോഗത്തെ അറിയിച്ചു. റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ പദവി സംബന്ധിച്ച പരാതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവശ്യമായ പരിശോധന നടത്തി തീരുമാനമെടുക്കും.
ജില്ലാതല ഭക്ഷ്യോപദേശക സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസീല്‍ദാര്‍മാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."