പീഡന കേസുകള്‍: രണ്ടു പ്രതികള്‍ക്കും കൂട്ടുപ്രതിക്കും തടവും പിഴയും
കല്‍പ്പറ്റ: വിവിധ പീഡനകേസുകളിലായി രണ്ടു പ്രതികള്‍ക്ക് തടവും പിഴയും. വീട്ടില്‍ തനിച്ചായിരുന്ന 12 കാരിയെ വെള്ളം കുടിക്കാനെന്ന വ്യാജേന വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബത്തേരി ബീനാച്ചി ദൊട്ടപ്പന്‍കുളത്ത് താമസിക്കുന്ന പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് എന്ന പട്ടാളം മുഹമ്മദ് (61), പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കണിയാമ്പറ്റ സ്വദേശി കൃഷ്ണന്‍ എന്ന അണ്ണയ്യ (21) എന്നിവരെയാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ തടയുന്നതിനുള്ള കല്‍പ്പറ്റയിലെ സ്‌പെഷ്യല്‍ കോടതി ജഡ്ജി അയൂബ്ഖാന്‍ പത്തനാപുരം ശിക്ഷിച്ചത്.
മുഹമ്മദിന് വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം കഠിന തടവും, 30000 രൂപ പിഴയുമാണ് വിധിച്ചത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് തനിച്ചായിരുന്ന 12കാരിയെ വാതില്‍ തുറന്ന് അകത്തുകയറി ബലമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ബത്തേരി പൊലിസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി പിഴയടക്കുകയാണെങ്കില്‍ പിഴസംഖ്യ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാന്‍ കോടതി ഉത്തരവായി. കുട്ടിയുടെ മാനസിക, ശാരീരിക, സാമ്പത്തിക ബുദ്ധിമുട്ടുകളും, പഠനത്തിനുണ്ടായ വിഘ്‌നങ്ങളും കണക്കിലെടുത്ത് കേരള വിക്ടീം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്ന് 50,000 രൂപ നല്‍കാനും, തുക പീഡനത്തിനിരയായ കുട്ടിക്ക് 20 വയസ് പൂര്‍ത്തിയാകുന്ന മുറക്ക് വാങ്ങി നല്‍കുന്നതിനും കോടതി ഉത്തരവിട്ടു.
കൃഷ്ണന്‍ എന്ന അണ്ണയ്യ (21)ക്ക് എട്ടുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൂട്ടുപ്രതിയും പ്രതിയുടെ ബന്ധുവുമായ തമിഴ്‌നാട് സ്വദേശിനി പഴനി നരികുറവര്‍ കോളനിയിലെ ആനന്ദിന്റെ ഭാര്യ രേണുകയെ കുറ്റം ചെയ്യുന്നതിന് പ്രേരണയും, ഒത്താശയും ചെയ്തതിന് എട്ടുവര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ടാംപ്രതി രേണുകയോടൊപ്പം കണിയാമ്പറ്റയില്‍ ബന്ധുവായ ഒന്നാംപ്രതി താമസിച്ചുവന്ന അവസരത്തില്‍ 14 കാരിയുമായി പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയും, രണ്ടാംപ്രതിയുടെ പ്രേരണയോടെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കമ്പളക്കാട് പൊലിസാണ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്ന് 100000 രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഇരു കേസിലും പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി സിന്ധു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."